ന്യൂഡൽഹി: ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാമെന്ന് സുപ്രീംകോടതി. ഉപാധികളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. പോഡ്കാസ്റ്റ് ഷോകൾ എത് പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന തരത്തിലുള്ളതാകണം. പരിപാടികൾ ധാർമ്മികതയുടെയും മാന്യതയുടെയും നിലവാരം പുലർത്തുമെന്ന് ഹരജിക്കാരൻ ഉറപ്പ് നൽകിയതിനാലാണ് ഷോ പുനരാരംഭിക്കാൻ അനുമതി നൽകുന്നതെന്ന് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. തൻ്റെ ഷോകൾ സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞ ഉത്തരവിൻ്റെ ഒരു ഭാഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബർ രൺവീർ അല്ലാബാദിയ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. യൂട്യൂബ് ഷോ തൻ്റെ ഉപജീവനമാർഗമാണെന്നും തനിക്ക് 280 ജീവനക്കാരുണ്ടെന്നും രൺവീർ നൽകിയ അപേക്ഷയിൽ പറയുന്നു. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് രൺവീറിനെതിരെ വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. കൊമേഡിയൻ സമയ് റെയ്നയാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. നിരവധി പേർ രൺവീറിനെ വിമർശിച്ച് രംഗത്തെത്തി. മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും വിഷയത്തിൽ രൺവീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രണവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.