ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് സ്വീകരിക്കാത്ത് എന്തെന്ന് കോടതി ചോദിച്ചു. നാഗാലാന്‍ഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമര്‍ശനം. വിവിധ കേസുകള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
നിങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അങ്ങേയറ്റം നിലപാടുകള്‍ എടുക്കുന്നു, എന്നാല്‍ നിങ്ങളുടെ സ്വന്തം സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുമ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. നാഗാലാന്‍ഡിലെ വനിത റിസര്‍വേഷന്‍ കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചും വാദം കേള്‍ക്കുന്നതിനിടെ പരാമര്‍ശം നടത്തി. നാഗാലാന്‍ഡിലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് അവസാനഅവസരം നല്‍കുകയാണെന്ന് നിരീക്ഷിച്ച് കോടതി ഇടക്കാല ഉത്തരവും ഇറക്കി.