ചെന്നൈ: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജി രാജിവച്ചേക്കും. നേരത്തെ അഴിമതിക്കേസില്‍ ജയിലിയാരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കോടതി ജാമ്യം നല്‍കിയിരുന്നു. ബാലാജിക്ക് പാര്‍ട്ടിയില്‍ നിര്‍ണായക പദവി നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം. ഒന്നുങ്കില്‍ മന്ത്രിസ്ഥാനം അല്ലെങ്കില്‍ ജയില്‍. ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സെന്തില്‍ബാലാജിയോട് ആവശ്യപ്പെട്ടത്. 2013 ല്‍ എഐഎഡിഎംകെ പാളയത്തിലുണ്ടായിരുന്നപ്പോഴുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു വര്‍ഷത്തിലധികം സെന്തില്‍ ബാലാജി ജയിലിലായിരുന്നു.
ഡിഎംകെയ്ക്ക് ഒപ്പം കൂടി സ്റ്റാലിന്റെ വിശ്വസ്ഥനായ മന്ത്രിയായിരിക്കുമ്പോള്‍ ആയിരുന്നു അറസ്റ്റും ജയില്‍വാസവും. ജയിലിലായി 6 മാസത്തിന് ശേഷമാണ് ബാലാജി മന്ത്രിപദവി ഒഴിഞ്ഞത്. പിന്നാലെ മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാദീനിക്കില്ലെന്നും കാട്ടി ജാമ്യം നേടി. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതും സെന്തില്‍ ബാലാജി വീണ്ടും മന്ത്രിക്കസേരയില്‍ എത്തി. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലായിരുന്നു സുപ്രീംകോടതിയുടെ അതിരൂക്ഷവിമര്‍ശനം. സെന്തില്‍ ബാലാജി രാജിവെയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പക്ഷേ പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ കരുത്തനായ നേതാവിനെ പാര്‍ട്ടി കൈവിടില്ല. സുപ്രധാനപദവി നല്‍കി ചേര്‍ത്തുനിര്‍ത്തുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം.