ന്യൂഡൽഹി : കേരളത്തിലെ അഞ്ച് ജില്ലകളിലെ ആശുപത്രികളുടെ ബയോ മെഡിക്കൽ മാലിന്യം സംസ്കരണം കൊച്ചി അമ്പലമേട്ടിലെ സ്ഥാപനത്തിന് നൽകണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നിലപാട് ആരാഞ്ഞു. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവരോടാണ് സുപ്രീം കോടതി നിലപാട് ആരാഞ്ഞത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ നൽകിയ ഹർജിയിൽ ജനുവരി 24നകം മറുപടിയറിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പാലക്കാട്ടെ പ്ലാന്റിലാണ് സംസ്കരിച്ചിരുന്നത്. സർക്കാർ ആശുപത്രി മാലിന്യം സൗജന്യമായും സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും മാലിന്യം നിശ്ചിത ഫീസും സ്വീകരിച്ചാണ് സംസ്കരിച്ചിരുന്നത്. എന്നാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യം കൊച്ചി അമ്പലമേട്ടിൽ പ്രവർത്തനം തുടങ്ങിയ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സംസ്കരണ പ്ലാന്റിലേക്ക് നൽകണമെന്ന് നിർദേശിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് കേരള സ്വകാര്യ ആശുപ്രതികളുടെ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബയോ മെഡിക്കൽ മാലിന്യ സംസ്കരണത്തിന് ആരെ ചുതലപെടുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആശുപത്രികൾക്കുണ്ടെന്ന് അസോസിയേഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.എസ് പട്വാലിയയും അഭിഭാഷകൻ സുൽഫീക്കർ അലിയും വാദിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി നേരത്തെ വിസമതിച്ചിരുന്നു. ദേശിയ ഹരിത ട്രിബ്യുണലിനെ സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഹരിത ട്രിബ്യുണൽ ഇടപെടേണ്ട വിഷയമല്ല ഇതെന്നാണ് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷന്റെ നിലപാട്.