ദില്ലി : ക്രിസ്ത്യാനികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്ന റിട്ട് ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി. നേരത്തെ ബെംഗളൂരു അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ പീറ്റര്‍ മക്കാഡോ, ദേശീയ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് ഈ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് മുമ്പാകെ അടിയന്തര വാദം കേള്‍ക്കേണ്ടവയുടെ ലിസ്റ്റിലായിരുന്നു ഈ ഹര്‍ജി ഇടംപിടിച്ചിരുന്നത്. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ തന്നെ ഒരു കൗണ്‍സലിനെ നിയമിച്ചതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒരു കൃത്യമായ തിയതി വാദം കേള്‍ക്കാനായി വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ കൃത്യം തിയതിയില്ല. ഇക്കാര്യത്തില്‍ ഒരു തിടുക്കവുമില്ല. കേസ് ബെഞ്ചിന് വിട്ടതാണ്.
ഒന്നും സംഭവിക്കില്ല. സ്വര്‍ഗം താഴോട്ട് വീഴാന്‍ പോകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കാര്‍ക്കായി സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ്, ജയവന്ത് പതന്‍കര്‍, ലിജ മെറിന്‍ ജോണ്‍, സ്‌നേഹ മുഖര്‍ജി, ആകര്‍ഷ് കമ്ര, സാന്‍ബ റംനോംഗ് എന്നിവര്‍ ഹാജരായി. ക്രിസ്ത്യന്‍ സമുദായത്തിനെതിരെ ആക്രമണങ്ങളുടെ കുത്തൊഴുക്കാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗങ്ങളും നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
തീവ്ര വലത് പക്ഷ സംഘടനകളും അക്രമി സംഘങ്ഹളും ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പോലീസ് സംവിധാനങ്ങളുടെ പരാജയം കാരണം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കാന്‍ കാരണം. സ്വന്തം പൗരന്മാരെ പോലും രാജ്യത്തിന് സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരജായപ്പെട്ടു. അടിയന്തര നടപടിയെടുക്കാനും അവര്‍ തയ്യാറായില്ല. വന്‍ തോതിലുള്ള വിദ്വേഷ പ്രസംഗങ്ങളും അതിനെ തുടര്‍ന്നുള്ള അക്രമങ്ങളുമാണ് നടക്കുന്നത്. ആരാധനാലയങ്ങളില്‍ പോലും ആക്രമിക്കപ്പെടുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ ഈ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ സംഘത്തിലെ ഓഫീസര്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ക്ക് പുറത്ത് നിന്നുള്ളവരായിരിക്കണം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുകയും വേണമെന്ന് സുപ്രീം കോടി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഒപ്പം ക്രിസ്ത്യന്‍ വിഭാഗത്തിനും സ്വത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.