കൊച്ചി: ഫോണില്‍ വിളിച്ച് അസഭ്യ വര്‍ഷം നടത്തിയെന്നാരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ കേസെടുത്ത് സൈബര്‍ പോലീസ്. കാക്കനാട് സൈബര്‍ സൈബര്‍ ക്രൈം പോലീസ് ആണ് നടന്റെ പരാതിയില്‍ കേസെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്ട്‌സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളില്‍ നിന്നും അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
വാട്ട്‌സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. താരത്തിന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരയും പരാതി നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം നടന്നത്.