തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെയാണ് ഒളിവില്‍ കഴിയുന്നതിനിടെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെ സുരേഷ് മര്‍ദിച്ചത്. സുരേഷ് തന്റെ ഓട്ടോറിക്ഷ പിന്നിലേക്ക് എടുക്കുമ്പോള്‍ അത് വഴി വരുകയായിരുന്ന ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു. കണ്ടുനിന്ന നാട്ടുകാരാരും സംഭവത്തില്‍ പ്രതികരിച്ചില്ല.
മര്‍ദിച്ചശേഷം സുരേഷ് ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചു. പിന്നീട് കാര്‍ഡ് വാങ്ങിയശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് അത് തിരിച്ചുവാങ്ങാന്‍ പറഞ്ഞ് ഗൗതമിനെ വിരട്ടിയോടിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ വിഴിഞ്ഞം പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. പിടിയിലായ സുരേഷ് ഇതിന് മുമ്പും മറുനാടന്‍ തൊഴിലാളികളെ മര്‍ദിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു കടയുടമയെയും ഇയാള്‍ മര്‍ദിച്ചിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുരേഷ് കഞ്ചാവിന് അടിമയാണെന്നും ലഹരിവസ്തുക്കള്‍ വില്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.