ആലപ്പുഴ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ നിയമസഹായം നല്കുന്നതിന് ലക്ഷ്യമിട്ട് സർവ്വേ ആരംഭിച്ചു. ‘Legal Needs and Access to Justice’ എന്ന സർവേയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി ജലജാറാണി നിർവഹിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ലെനിൻ കോർണർ, കുറ്റിപ്പുറത്ത് വെളിയിൽ ജയദേവിയുടെ ഭവനം സന്ദർശിച്ച് സർവ്വേ നടപടി ആരംഭിച്ചു.
കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം ലഭിച്ചിട്ടില്ലെന്നുള്ള പരാതിയെ തുടർന്നാണ് ജയദേവിയുടെ ഭവനം സന്ദർശിച്ചത്. പൊതുജനങ്ങളുടെ നിയമപരമായ ആവശ്യങ്ങളെക്കുറിച്ചും അവ നേടിയെടുക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ചും വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് സർവേയിലൂടെ ലക്ഷ്യമാക്കുന്നത്. സർവ്വേയോടനുബന്ധിച്ചു ‘ലീഗൽ സർവീസസ് അതോറിറ്റി ആക്ട് ‘ എന്ന വിഷയത്തിൽ പാരാ ലീഗൽ വോളന്റിയർ തോമസ് ജോൺ ക്ലാസ് നയിച്ചു. ആശാ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ, സർവ്വേ വോളന്റീയർമാർ എന്നിവർ പങ്കെടുത്തു.