മുംബൈ : സുശാന്ത് സിങ് കേസിൽ സുപ്രീംകോടതി നിർദേശിക്കുന്നത് അനുസരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. കേസിൽ എല്ലാ കക്ഷികളും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. തീരുമാനം സുപ്രീംകോടതിയാണ് പറയേണ്ടത്. ഉത്തരവ് എന്തായാലും സംസ്ഥാനം അംഗീകരിക്കും – മന്ത്രി പറഞ്ഞു.
സുശാന്ത് സിങ്ങിന്റെ അച്ഛന്റെ പരാതിയെത്തുടർന്ന് റിയ ചക്രവർത്തിക്കെതിരെയുള്ള അന്വേഷണം കേന്ദ്ര സർക്കാർ സിബിഐയ്ക്ക് കൈമാറിയിരിക്കുകയാണ്. തനിക്കെതിരെയുള്ള കേസ് ബിഹാറിൽ നിന്നു മുംബൈയിലേക്കു മാറ്റണമെന്ന് അഭ്യർത്ഥിച്ച് റിയ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവു വരാനിരിക്കുന്നത്.
അതേസമയം ഫ്ലാറ്റിന്റെ വായ്പാഗഡു സുശാന്ത് സിങ്ങാണ് അടച്ചിരുന്നതെന്ന പ്രചാരണത്തിനു പിന്നാലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട രേഖകളും ബാങ്കിൽ നിന്നു ലോൺ അക്കൗണ്ടിലേക്കുള്ള മാസഗഡുക്കളുടെ വിശദാംശങ്ങളും സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെ പുറത്തുവിട്ടു. ആറു വർഷം മുൻപാണ് ഇരുവരും അടുപ്പത്തിലായിരുന്നത്.