കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എലിമുള്ളുംപ്ലാക്കൽ കൊച്ചുമുറിയിൽ വീട്ടിൽ സുജീഷ് (28) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം നടന്ന ദിവസം സുഹൃത്തുമായി വാക്കുതർക്കവും സംഘര്‍ഷവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടർന്നാണ് യുവാവിന്റെ ആത്മഹത്യയെന്നും ബന്ധുക്കൾ തണ്ണിത്തോട് പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. മരണം നടന്നതിന്റെ അടുത്ത ദിവസം രാവിലെ സുജീഷിന്റെ ബന്ധുക്കൾ സുഹൃത്തിന്റെ വീട്ടിൽ എത്തുകയും ഇയാളുടെ ടെമ്പോ ലോറിയുടെ ഗ്ലാസ്സുകൾ അടിച്ച് തകർക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് പോലീസ് സുജീഷിന്റെ സുഹൃത്തിനെ ഇവിടെ നിന്നും മാറ്റുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കും കോവിഡ് പരിശോധനകൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.