പത്തനംതിട്ട : വീട്ടിൽ കടന്ന് വയോധികയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ഒന്നര പവന്റെ മാല കവര്‍ന്ന കേസിൽ പ്രതിയെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഭരണങ്ങാനം പ്രവിത്താനം കുറ്റിക്കാട്ടിൽ വീട്ടിൽ നിന്നും, കുളനട കൈപ്പുഴ വടക്ക് വട്ടയം പ്ലാവെട്ടുകാലായിൽ വാടകക്ക് താമസം അമൽ അഗസ്റ്റിൻ (24) ആണ് പിടിയിലായത്. നെടിയകാല താന്നിനിൽക്കുന്നതിൽ സരസമ്മ(87)യുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. സ്ഥിരമായി
ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടമായ ഇയാൾ കടം വാങ്ങിയും കളി തുടർന്നു. കടം നൽകിയവർ തിരികെ ചോദിച്ചതിനെതുടർന്നാണ് മോഷണത്തിന് മുതിർന്നത്. ഇയാൾക്ക് ആദ്യമൊക്കെ കളിയിലൂടെ പണം സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. നാട്ടിൽ റമ്മി കളിച്ച് കടത്തിൽ മുങ്ങിയ ഇയാൾ സുഹൃത്തുക്കൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നാടുവിടുകയായിരുന്നു.
അങ്ങനെയാണ് വട്ടയത്തുള്ള അളിയന്റെ വീടിന് സമീപം വാടകയ്ക്ക് വീടെടുത്ത് അച്ഛനുമൊത്ത് താമസമാക്കിയത്. ഇവിടെയും ഓൺലൈനിൽ കളിതുടർന്ന അമലിന് പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. രണ്ടുമാസം മുമ്പ് സ്വന്തം വീട്ടിൽ നിന്നും അച്ഛന്റെ 35000 രൂപ മോഷ്ടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു. ഈമാസം 23 ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് വീട്ടിൽ കയറി കത്തി കഴുത്തിൽ വച്ച് ഭയപ്പെടുത്തി തള്ളി താഴെയിട്ടശേഷം വയോധികയുടെ മാല അപഹരിച്ചത്. ഉച്ചക്ക് ഒരുമണിമുതൽ വീടിന്റെ സമീപത്തായി ഇയാളെ ഇരുചക്രവാഹനത്തിൽ ഹെൽമെറ്റും മാസ്കും ധരിച്ച് സംശയകരമായി സരസമ്മയും അയൽവാസികളും കണ്ടിരുന്നു. എന്തിനാണ് നിൽക്കുന്നതെന്ന് വീട്ടമ്മ ചോദിച്ചപ്പോൾ തേങ്ങ ഇടുന്ന ഒരാളെ അന്വേഷിച്ചിറങ്ങിയതാണെന്ന് ഇയാൾ മറുപടി പറഞ്ഞു.
അങ്ങനെ ഒരാൾ തൊട്ടടുത്തുണ്ടെന്ന് അറിയാവുന്നതുകൊണ്ട് വേറെ സംശയമൊന്നും തോന്നിയതുമില്ലെന്ന് സരസമ്മ പോലീസിനോട് പറഞ്ഞു. കുശലം പറഞ്ഞു അടുത്തുകൂടിയ മോഷ്ടാവ് വയോധിക വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കുകയും തുടർന്ന് ഇവർ കാണാതെ തന്ത്രപൂർവം ഉള്ളിൽ കടന്നു മാല കവർന്ന് രക്ഷപ്പെടുകയുമായിരുന്നു. ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നത് കാരണം മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നില്ല. ഉടൻ തന്നെ ഇലവുംതിട്ട പോലീസിനെ വിവരം അറിയിച്ചതിനെതുടർന്ന് പോലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പ്രതിയെ ഉടനടി കണ്ടെത്താനായിരുന്നില്ല.
ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് വ്യാപകമായി നടത്തിയ അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വാഹനം തിരിച്ചറിയുന്നതിനായി ഒരാഴ്ചയായി നടത്തിയ വ്യാപകമായ വാഹനപരിശോധനയും സി സി ടി വി ദൃശ്യങ്ങളുടെ വിശകലനവും നടത്തിയതിലൂടെ ഇയാളെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐമാരായ പി എൻ അനിൽ കുമാർ, കെ എൻ അനിൽ, സി വി വിനോദ് കുമാർ,എസ് സി പി ഓമാരായ പി ജി സന്തോഷ് കുമാർ, സുരേഷ് കുമാർ, വിപിൻ രാജ്, ധനൂപ്, ശിവസുതൻ, സി പി ഓമാരായ ധീരജ്,അരുൺ, വിഷ്ണു, പ്രശോഭ്, അമൽ, പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിലെ സി പി ഓ ഷഫീക് എന്നിവരടങ്ങിയ സംഘം പലവഴിക്ക് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്.
സംഭവദിവസം നെടിയകാലയിൽ സ്ത്രീകൾ മാത്രമുള്ള കടകളിലും സ്ഥാപനങ്ങളിലും ഇയാൾ കയറിയിറങ്ങി മോഷണശ്രമം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സാഹചര്യം അനുകൂലമല്ലാത്തതിനാൽ ഉൾപ്രദേശത്തുള്ള സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണത്തിന് ശ്രമിച്ചു. അങ്ങനെയാണ് സരസമ്മയുടെ വീട് കണ്ടെത്തി മോഷണം നടത്തിയത്. അപഹരിച്ച മാല ചെങ്ങന്നൂരെ ഒരു പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയുടെ അളിയന്റെ ഉടമസ്ഥതയിലുള്ള പ്രതി സഞ്ചരിച്ച ഇരുചക്രവാഹനവും ഇയാൾ ഉപയോഗിച്ച കത്തിയും കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.