മലപ്പുറം: ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പോലീസിന്റെ വലയിലായത് 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി. കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിലിൽ എസ്. അമീറിനെയാണ് (25) പൊന്നാനിയിലെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ലോഡ്ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിനിടെയാണ് ഇയാൾ പിടിയിലായത്. റെയ്ഡ് നടക്കുന്നത് പ്രതി അറിഞ്ഞതോടെ തന്റെ കൈയിലെ പ്ലാസ്റ്റിക് കവർ ലോഡ്ജ് മുറിയിലെ ശുചിമുറിയുടെ വെന്റിലേറ്റർ വഴി കയറിൽ പുറത്തേക്ക് തൂക്കിയിടുകയായിരുന്നു. എന്നാൽ ലോഡ്ജിന് ചുറ്റും മഫ്തിയിൽ നിയോഗിച്ച പോലീസുകാർ ഇത് കാണുകയും വീഡിയോ എടുക്കുകയും ചെയ്തു. ബാങ്ക് പാസ്ബുക്കുകളും മൊബൈൽ ഫോണുകളും അടങ്ങുന്ന ബാഗ് ആയിരുന്നു പ്ലാസ്റ്റിക് കവറിൽ. ഇത് പിടിച്ചെടുത്ത് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ ലഭ്യമായത്.
മൊബൈൽ ഫോണുകൾ തമിഴ്‌നാട്ടിൽനിന്ന് മോഷ്ടിച്ചതാണെന്നാണ് ആദ്യം പ്രതി പോലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു. പരിശോധനയിൽ വിവിധ വ്യക്തികളുടെ പേരിലുള്ള 25ഓളം ബാങ്ക് പാസ്ബുക്ക്, ഏഴ് സ്മാർട്ട് ഫോൺ, 21 ചെക്ക്ബുക്ക്, 30 എ.ടി.എം കാർഡ്, 25 സിം കാർഡ് എന്നിവ കണ്ടെടുത്തു. മലപ്പുറം ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പ്രതിയെ മലപ്പുറം സൈബർ പോലീസിന് കൈമാറി. സൈബർ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിൽ പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് ഇയാൾക്കെതിരെ 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് പരാതികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. കേരളത്തിൽ നാലു പരാതികളും മറ്റു സംസ്ഥാനങ്ങളിൽ 47 പരാതികളുമാണുള്ളത്.