ചെങ്ങന്നൂർ: പാണ്ടനാട്ടിൽ അടച്ചിട്ടിരുന്ന വീടിൻ്റെ മേൽക്കൂരയിലെ ഓടിളക്കി ഉള്ളിൽക്കടന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. വീട്ടുടമ മഹാരാഷ്ട്രയില്‍ താമസിക്കുന്നതിനാൽ അടച്ചിട്ടിരുന്ന വീടിന്റെ മേല്‍ക്കൂരയിലെ ഓടിളക്കിയിറങ്ങി വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മോട്ടറും, രണ്ട് ഗ്യാസ് സിലിണ്ടറുകളും, ഒരു ചെമ്പു കുട്ടകവും, നാല് സീലിംഗ് ഫാനുകളും പ്രതി മോഷ്ടിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് പടിഞ്ഞാറ് തച്ചാറയില്‍ വീട്ടില്‍ ബിജു ബാബു (32) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. മൂന്നു പ്രതികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യത്തിലെ രണ്ടാം പ്രതിയെയാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
പാണ്ടനാട് പറമ്പത്തൂര്‍ പടി ഭാഗത്തു് അടച്ചിട്ടിരുന്ന വീട്ടിലാണ് പ്രതികള്‍ മോഷണം നടത്തിയത്. അടഞ്ഞു കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ് പണമുണ്ടാക്കുന്നതാണ് പ്രതികളുടെ രീതി. അറസ്റ്റു ചെയ്ത പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പുലിയൂര്‍ പാലച്ചുവട് ഭാഗത്തുള്ള ആക്രിക്കടയില്‍ നിന്നും ഇയാള്‍ വില്‍പ്പന നടത്തിയ 3 സീലിംഗ് ഫാനുകളും ചെമ്പുകലവും കണ്ടെടുത്തു. ചെമ്പുകുട്ടകം പ്രതി ഒളിപ്പിച്ചിരുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തു. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. വിപിന്‍ എ.സി. യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, അനില്‍ കുമാര്‍, സിപിഒ മാരായ ബോധിന്‍ കൃഷ്ണ, രാഹുല്‍, സ്വരാജ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു