തിരുവനന്തപുരം : മുട്ടില്‍ മരം മുറിക്കേസില്‍ സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ ഡികെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്.
നിലവില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.