കാസർഗോഡ്: ഓട്ടോ ഡ്രൈവറെ മർദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസർഗോഡ് സ്റ്റേഷനിലെ എസ്.ഐ പി. അനൂപിനെയാണ് നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്. കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവർ നൗഷാദിനെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നൗഷാദിനെ എസ്.ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴും എസ്.ഐ നൗഷാദിനെ മർദിക്കുന്നത് തുടരുകയാണ്.
സംഭവത്തിന് പിന്നാലെ എസ്.ഐക്കെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് ജില്ലയിൽ ഓട്ടോ ഡ്രൈവറായ അബ്ദുൽ സത്താർ ജീവനൊടുക്കിയത്. ഇയാളെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോറിക്ഷ വിട്ട് നല്‍കാത്തത് സംബന്ധിച്ച് അബ്ദുല്‍ സത്താര്‍ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചതിന് ശേഷം ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.