ശാസ്താംകോട്ട : നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരണിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകി. കസ്റ്റഡിയിൽ വാങ്ങി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.
മൃതദേഹത്തിൽ കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകളില്ലെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫൊറൻസിക് ഡയറക്ടറുടെയും മൊഴി. വിസ്മയയുടെ ശരീരത്തിൽ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കിരണിനെ അറസ്റ്റുചെയ്തശേഷം കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനും സമയം ലഭിച്ചില്ല. ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഇയാളെ ശാസ്താംനടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അന്ന് 20 മിനിറ്റുമാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്താനാണ് പോലീസ് നീക്കം. ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്.
കിട്ടാവുന്ന എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിസ്മയയുടെ സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരിൽനിന്ന് മൊഴിയെടുത്തു. സഹോദരി, ഭർത്താവ് അടുത്ത ബന്ധുക്കൾ തുടങ്ങിയവരെ ചോദ്യം ചെയ്തു. കിരണിനെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇതിനിടയിൽ ശനിയാഴ്ച വിസ്മയയുടെ ബന്ധുക്കളിൽനിന്ന് പോലീസ് മൊഴിയെടുത്തതായും അറിയുന്നു.
കഴിഞ്ഞദിവസം ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം ലഭിച്ചശേഷം പോലീസ് സർജൻ കിരണിന്റെ വീട്ടിലെത്തി കൂടുതൽ പരിശോധനകൾ നടത്തും. ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാറിന്റെ ഭാര്യയായ വിസ്മയയെ തിങ്കളാഴ്ച പുലർച്ചേ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. അന്വേഷണസംഘത്തിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തി. രണ്ടുദിവസമായി അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. അതിനാൽ ശനിയാഴ്ച ഉദ്യോഗസ്ഥരെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയരായി. എല്ലാവർക്കും നെഗറ്റീവാണ്.