കൊച്ചി: സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര രീതികൾ നടപ്പാക്കാൻ ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും സഹകരണം അനിവാര്യമാണെന്ന് നിർദേശം. കേരളത്തിലെ സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിലാണ് അഭിപ്രായം. മത്സ്യലഭ്യതയെ കുറിച്ച് സിഎംഎഫ്ആർഐ നടത്തുന്ന ശാസ്ത്രീയ വിവരശേഖരണത്തിനൊപ്പം മത്സ്യത്തൊഴിലാളികൾ മീൻപിടുത്ത വിവരങ്ങൾ കൈമാറുന്നത് ഡേറ്റശേഖരണം കുറ്റമറ്റതാക്കും. കടലുമായും ആവാസവ്യവസ്ഥയുമായും ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നൽകുന്ന വിവരങ്ങൾ ശാസ്ത്രീയ ഗവേഷണം കൂടുതൽ കാര്യക്ഷമമാക്കും. ചെറുമത്സ്യബന്ധന നിയന്ത്രണം കർശനമായി നടപ്പാക്കണമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ മത്സ്യസമ്പത്തിന്റെ വിന്യാസത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മുപ്പത് വർഷത്തിനകം ഈ മാറ്റം കൂടുതലായി കാണപ്പെടും. പല മീനുകളുടെയും ലഭ്യതയിലും അളവിലും മാറ്റങ്ങളുണ്ടാകും. സമുദ്രമത്സ്യ മേഖലയിലെ പ്രതിസന്ധിക്ക് ശാസ്ത്രീയരീതികളിലൂടെ പരിഹാരം കണ്ടെത്താനാണ് സിഎംഎഫ്ആർഐ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികൾ പങ്കുവെക്കുന്ന വിവരങ്ങളും നിർദേശങ്ങളും പഠനവിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ടി എം നജ്മുദ്ധീൻ വിഷയാവതരണം നടത്തി. ചെറുമത്സ്യ ബന്ധനം തടയുന്നതിന് വലയുടെ കണ്ണിവലിപ്പം കർശനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീരക്കടലുകളിൽ രാത്രികാലങ്ങളിലെ മീൻപിടുത്തം നിരോധിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ പറഞ്ഞു. രാത്രികാലങ്ങളിലാണ് പല അശാസ്ത്രീയ മീൻപിടുത്ത രീതികളും നടക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാനങ്ങൾക്ക് നിയന്ത്രണം വേണം. കടൽ മണൽ ഖനനം മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കും. ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ പഠനവിധേയമാക്കണം. നിയന്ത്രണങ്ങൾക്ക് ദേശീയതലത്തിൽ ഏകോപിത സംവിധാനമുണ്ടാകണമെന്നും അവർ പറഞ്ഞു. ഡോ. ശോഭ ജോ കിഴിക്കൂടൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ ആശ അഗസ്റ്റിൻ, ഡോ. സി രാമചന്ദ്രൻ, ഡോ. ലിവി വിൽസൺ, കുമ്പളം രാജപ്പൻ, ടി വി ജയൻ, ആന്റണി കുരിശിങ്കൽ, രാജു ആശ്രയം, സിബി പൊന്നൂസ്, കെ പി സെബാസ്റ്റ്യൻ, എ ഡി ഉണ്ണികൃഷ്ണൻ, ചാൾസ് ജോർജ്, സതീശൻ എൻ എം എന്നിവർ സംസാരിച്ചു.