പത്തനംതിട്ട : സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി (എസ്ബിഎം അക്കാഡമി) പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ വിപുലമായ തുടക്കം. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ ഐഇസി (വിവര -വിജ്ഞാനവ്യാപന പ്രവർത്തനം) & കാര്യശേഷി വികസന പരിപാടിയുടെ ഭാഗമായാണ് വാട്സാപ്പ് വഴി ഓൺലൈൻ കോഴ്സ് സംഘടിപ്പിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഒഡിഎഫ് പ്ലസ് കോഴ്സ് സർട്ടിഫിക്കറ്റ് ഓൺലൈനായി തന്നെ ലഭിക്കും. ആദ്യ ഘട്ടത്തിൽ ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർക്കും ശുചിത്വ മിഷന്റെ റിസോഴ്സ് പേഴ്സൺസിനുമായിരുന്നു പരിശീലനം. ആദ്യ ഘട്ട പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് പത്തനംതിട്ട ശുചിത്വ മിഷൻ രണ്ടാംഘട്ട പരിശീലന പരിപാടിയിലേക്ക് കടന്നിരിക്കുന്നത്. രണ്ടാം ഘത്തിൽ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഈ കോഴ്സിന് 10 മൊഡ്യൂളുകളാണുളളത്. സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ മാലിന്യ സംസ്കരണ-നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നവയാണ് ഈ 10 മൊഡ്യൂളുകൾ. ശുചിത്വവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ഈ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മനസ്സിലാക്കാൻ സാധിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺസ്, മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്കും സർക്കാർ ഉദ്യോഗസ്ഥ വിഭാഗത്തിൽ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർ, എക്സ്റ്റൻഷൻ ഓഫീസർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, മറ്റ് ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കും ഈ ഓൺലൈൻ കോഴ്സിന്റെ ഭാഗമാകാം. എസ്ബിഎം അക്കാഡമി കോഴ്സിന്റെ വിജയകരമായ നടത്തിപ്പിനായി മേഖല തിരിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർക്ക് ചുമതല നൽകിയിട്ടുണ്ട്. എസ്ബിഎം അക്കാഡമിയുടെ ഓൺലൈൻ പരിശീലന പരിപാടിക്ക് ജില്ലയിൽ നിന്ന് മികച്ച പ്രതികരണമാണ് തുടക്കത്തിൽ ലഭിച്ചുവരുന്നത്.