തിരുവല്ല : ലഹരിവിരുദ്ധ പോരാട്ടങ്ങൾക്കും ഗുരുദേവദർശനത്തിന്റെ പ്രചാരണത്തിനും പിന്തുണതേടി ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ സാമുവേൽ മാർ തെയോഫിലസ് മെത്രാപ്പൊലീത്തയെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സന്ദർശിച്ചു. യുവതലമുറയെ പിടിമുറുക്കുന്ന ലഹരി ദുരന്തത്തിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ലഹരിയിൽനിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള പിന്തുണയ്ക്കുമായി ശിവഗിരിമഠം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സ്വാമി ജ്ഞാനതീർത്ഥ മെത്രാപ്പൊലീത്തയോട് വിശദീകരിച്ചു. മതേതര അടിസ്ഥാനത്തിൽ സമഗ്രമായ ഇടപെടൽ ആവശ്യമാണ് എന്നതും വിവിധ മതനേതാക്കളുടെയും സാമൂഹിക സംഘടനകളുടെയും കൂട്ടായ സഹകരണവുമാണ് ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ അത്യാവശ്യമായത് എന്നും സ്വാമി പറഞ്ഞു.
സമൂഹത്തിലെ ലഹരി ഉപയോഗം വലിയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ സഭയുടെ ഭാഗത്തുനിന്നുള്ള പൂർണ പിന്തുണ ഉറപ്പുനൽകുന്നതായി മെത്രാപ്പൊലീത്ത വ്യക്തമാക്കി. ബോധവത്കരണക്യാമ്പുകൾ, പുനരധിവാസ പദ്ധതികൾ തുടങ്ങിയ നിലയിലായിരിക്കും സഹകരണമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവഗിരിമഠം ഈ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതിയോടുള്ള ആദരവിന്റെ പ്രതീകമായി സ്വാമി ജ്ഞാനതീർത്ഥ മെത്രാപ്പൊലീത്തയ്ക്ക് വൃക്ഷത്തൈ നൽകി.