തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ ഊജ്ജിതമാക്കി കസ്റ്റംസ്. ഇവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും പരിശോധന നടത്തിയിരുന്നു. സ്വപ്നയെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ സഹായവും കസ്റ്റംസ് തേടും. സ്വപ്‌നയുടെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം ആറുമണിക്കൂര്‍ റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സ്വപ്നയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്. വീട്ടില്‍ നിന്നും കിട്ടിയ ലാപ്ടോപ്പും പെന്‍ഡ്രൈവും, സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ദുബായില്‍ നിന്നെത്തിയ ബാഗ് കസ്റ്റംസ് തുറന്നതായി വിവരം ലഭിച്ചപ്പോഴാണ് സ്വപ്‌ന ഒളിവില്‍ പോയത്. അതിന് തൊട്ടുമുമ്പ് ബാഗ് വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ട് അവരുടെ ഫോണില്‍ എത്തിയ വിളികള്‍ കസ്റ്റംസ് ശേഖരിച്ചു. യുഎഇ കോണ്‍സിലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വര്‍ണ്ണം എത്തിയത്. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്നായിരുന്നു ഇതില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. അതേസമയം സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച കസ്റ്റംസിന് മുന്നില്‍ കീഴടങ്ങുമെന്നും സൂചനയുണ്ട്.