കൊച്ചി : ശിവശങ്കര്‍ ബാങ്കിടപാടില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെയും ഉള്‍പ്പെടുത്തിയത് സ്വപ്ന പണവുമായി കടന്നുകളയുമെന്ന് ഭയന്നാണെന്ന് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. അതേസമയം സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണ് ഇഡി സ്വര്‍ണക്കടത്ത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്‍ കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. എന്നാല്‍ അന്വേഷണം ദീര്‍ഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം പണം ഒളിപ്പിച്ചുവെയ്ക്കാനാണ് ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചിരുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ചൂണ്ടിക്കാട്ടി. മാത്രമല്ല പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നുവെന്നും ജീവിതമാര്‍ഗ്ഗം ഇല്ലാതിരുന്ന സ്വപ്നയ്ക്ക് 60 ലക്ഷവും 100 പവന്‍ സ്വര്‍ണ്ണവും സമ്പാദിക്കാനുള്ള ശേഷിയില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.