തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കളളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് ഹാജരാക്കും. പത്തുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസും അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇരു പ്രതികളും സമര്‍പ്പിച്ച ജാമ്യഹര്‍ജിയും എന്‍ഐഎ കോടതി പരിഗണിക്കും. കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി പരിഗണിക്കുന്നുണ്ട്.
അതേസമയം സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചന.