കൊച്ചി : ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയാണ് ഇടനിലക്കാരനായി നിന്നു കമ്മീഷൻ ഇടപാടു നടത്തിയതെന്നാണു സ്വപ്നയുടെയും പിഎസ് സരിത്തിന്റെയും ആദ്യമൊഴി. ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തേടാനുമാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.
മുൻ മന്ത്രി കെടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരായ തെളിവുകൾ കയ്യിലുണ്ടെന്ന് മുമ്പും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നെങ്കിലും കോടതിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ ഇവ ഹാജരാക്കിയിരുന്നില്ല. മുഖ്യമന്ത്രിക്കും കെ.ടി ജലീലിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തി. മുൻമന്ത്രി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നും നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസ് തുടങ്ങിയത് മുതല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പലതരത്തിൽ ഇടപെടുകയാണെന്നും സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചു.
കേരളത്തില്‍ അന്വേഷണം നടന്നാല്‍ കേസ് തെളിയില്ല. കേസ് ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കം സ്വാഗതാര്‍ഹമെന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു. ആഭ്യന്തര വകുപ്പ് വേട്ടയാടുകയാണ്. അന്വേഷണത്തിന്റെ തുടര്‍ച്ച ഇല്ലാതാക്കാനായി ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നു. ഇഡിയെ വിശ്വാസമുണ്ട്. സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെന്നും അബ്നോർമലായി പെരുമാറുന്നതായും സ്വപ്ന പറഞ്ഞു. 164 രേഖപ്പെടുത്തിയപ്പോള്‍ തനിക്കെതിരേയും ഡ്രൈവര്‍ക്ക് എതിരേയും അഭിഭാഷകനെതിരേയും കേസ് എടുത്തു. എച്ച്ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കി. സെക്രട്ടറിക്കെതിരെ കേസ് എടുത്തു. എന്‍ഐഎയെ കൊണ്ടു വന്നതും രാജ്യദ്രോഹകുറ്റം ചുമത്തിയതും ഇതിന്റെ ഭാഗമാണെന്നും സ്വപ്ന കുറ്റപ്പെടുത്തി.