കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയില്‍ മുഖേന സ്വപ്ന ഇ ഡി യെ അറിയിച്ചു. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിത്തും അറിയിച്ചു. അതേസമയം ഗൂഢാലോചന കേസില്‍ സരിത് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം, സ്വപ്ന സുരേഷിനെ എച്ച്‌ആര്‍ഡിഎസ് ഇന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്നയെ എച്ച്‌ആര്‍ഡിഎസ് ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശം പരാതിയായി കണക്കാക്കി ആണ് നടപടി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്ക് ഇരയാണ് എച്ച്‌ആര്‍ഡിഎസ് എന്ന് പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.
സ്വപ്നയ്ക്ക് എതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നു എന്നാണ് എച്ച്‌ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. ഗൂഢാലോചന കേസില്‍ എച്ച്‌ആര്‍ഡിഎസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പുറമെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കുള്ള വീട് നിര്‍മാണത്തിന്റെ പേരിലും അന്വേഷണം വന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം എച്ച്‌ആര്‍ഡിഎസ് ഓഫീസ് കയറി ഇറങ്ങിയതോടെ, ദൈനം ദിന പ്രവൃത്തിളെ ബാധിച്ചു. ഇതാണ് സ്വപ്നയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.