കൊച്ചി: മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമർശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ ഇന്ന് അറിയിക്കും. എന്നാൽ തന്നെ മനപൂർവം കളളക്കേസിൽ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.
ഇതിനിടെ ലൈഫ് മിഷൻ കേസിൽ സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ സിബിഐ ഇന്ന് വീണ്ടും തുടരും. സ്വർണക്കത്തുകേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ലോക്സഭയിലെ ചോദ്യത്തിന് ഇന്നലെ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി പറഞ്ഞില്ല. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്.