ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് അഥവ സിഒപിഡി എന്ന ഗണത്തില്‍ വരുന്ന രോഗമാണ് എംഫിസീമ. ഒരുപാടുകാലം നീണ്ടുനില്‍ക്കുന്ന ശ്വാസനാളികള്‍ക്ക് ഉണ്ടാകുന്ന ചുരുക്കം അല്ലെങ്കില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളെയാണ് ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസിസ് ( സിഒപിഡി )എന്ന് പറയുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രണ്ട് പ്രധാന രോഗങ്ങളാണുള്ളത്. ഒന്ന് ക്രോണിക്ക് ബ്രോങ്കൈറ്റീസും മറ്റൊന്ന് എംഫിസീമ. 2016 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 55.3 ദശലക്ഷമാളുകള്‍ സിഒപിഡി രോഗബാധിതരാണ്. ലങ് ഇന്ത്യ നടത്തിയ പഠനത്തില്‍ രാജ്യത്ത് എംഫിസീമ, ക്രോണിക്ക് ബ്രോങ്കൈറ്റിസ് എന്നിവയുടെ വ്യാപനം 7.4 ശതമാനമാണ്.
സിഒപിഡി രോഗങ്ങളുടെ പ്രധാനലക്ഷണം വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് എന്നിവയാണ്. ഇത്തരം രോഗികളില്‍ രാവിലെ കഫക്കെട്ട് കൂടുതലായി കാണുന്നു. പുകവലി കൂടാതെ വായുമലീനികരണം മൂലവും ജനിതക കാരണങ്ങളാലും എംഫിസീമ ഉണ്ടാകാം. കാരണം കണ്ടെത്തിയാല്‍ മാത്രമേ രോഗിയെ ആ കാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി രോഗം കൂടുന്നത് തടയാന്‍ കഴിയു. സാധാരണ എംഫിസീമയും ക്രോണിക്ക് ബ്രോങ്കൈറ്റീസും ഉള്ള രോഗികള്‍ വളരെ വൈകി മാത്രമാണ് ഡോക്ടറുടെ അടുത്ത് എത്തപ്പെടുന്നത്. പല തരത്തിലുള്ള ചികിത്സകള്‍ എടുക്കുന്നവരും പുകവലി നിര്‍ത്താനുള്ള മടികൊണ്ട് ചികിത്സ വൈകിപ്പിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അപ്പോഴേക്കും രോഗം ജീവിതകാലം മുഴുവന്‍ ചികിത്സിക്കേണ്ട അവസ്ഥയിലെത്തിട്ടുണ്ടാകും.
പ്രധാനമായിട്ടുള്ള ചികിത്സാരീതി ഗുളികകളും ഇന്‍ഹെയ്‌ലറുകളുമാണ്. ഗുളികകളേക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കുറവുള്ളതും ഫലം ലഭിക്കുന്നതും ഇന്‍ഹെയ്‌ലേഴ്‌സ് തെറാപ്പിയിലൂടെയാണ്. പലരും എംഫിസീമയും ആസ്ത്മയും ഒന്നാണെന്ന് കരുതാറുണ്ട്. രണ്ടും ശ്വാസനാളിക്ക് ഉണ്ടാകുന്ന ചുരുക്കമാണെങ്കിലും സിഒപിഡി രോഗങ്ങളും ആസ്ത്മയും തമ്മില്‍ വ്യതാസമുണ്ട്. ആസ്മയുള്ളയാളുകൾ മരുന്നു കഴിച്ചാല്‍ ശ്വാസകോശത്തെ പഴയ അവസ്ഥയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ എംഫിസീമ രോഗി മരുന്ന് കഴിച്ചാലും പൂര്‍ണമായും ശ്വാസകോശം പഴയ അവസ്ഥയിലേയ്ക്ക് എത്തണമെന്നില്ല.
എംഫിസീമ, ക്രോണിക്ക് ബ്രോങ്കൈറ്റിസ് രോഗബാധിതരില്‍ ജലദോഷമോ പനിയോ കഫക്കെട്ടോ വരുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നത് രോഗം വര്‍ധിക്കാതിരിക്കാന്‍ സഹായിക്കും. രണ്ട് ആഴ്ചയോ അല്ലെങ്കില്‍ ഒരു മാസത്തില്‍ കൂടുതലോ നീണ്ടു നില്‍ക്കുന്ന വിട്ടുമാറാത്ത ചുമയുള്ളവര്‍ ഡോക്ടറെ കാണുക. 40 വയസില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്. നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ഇടയ്ക്ക് ലംഗ്സ് കപ്പാസിറ്റി ടെസ്റ്റ് ചെയ്യുക. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.