കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ പിതാവിനെതിരെയുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിറോ മലബാര്‍സഭ അറിയിച്ചു. പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവര്‍ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങള്‍ നടത്തുന്നതും തീര്‍ത്തും അപലപനീയമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്നും സിറോ മലബാര്‍ സഭ വക്താവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ക്രൈസ്തവരുടെ സംസ്‌കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതാണ്. കത്തീഡ്രല്‍ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാര്‍ഗത്തിലൂടെ സഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്. പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടുള്ള അനാദരവും എതിര്‍പ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണെന്നും അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ അവഹേളിക്കുമ്പോഴും കുര്‍ബാനയും കയ്യില്‍ പിടിച്ച് പ്രാര്‍ത്ഥനാപൂര്‍വം എതിര്‍പ്പുകളെ നേരിട്ട പൊന്തിഫിക്കല്‍ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവ സാക്ഷ്യമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.