കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ നാലാം പ്രതിയായിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിന്റെ മൊഴിയാണ് കേസില്‍ ഇബ്രാഹിം കുഞ്ഞിനെ കുടുക്കിയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് പറഞ്ഞു.
അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ സൂരജ് ഒരു പ്രതികരണത്തിനും തയ്യാറായിരുന്നില്ല. പക്ഷെ തുടര്‍ച്ചയായി റിമാന്‍ഡ് ചെയ്യപ്പെടുകയും ആരും രക്ഷിക്കില്ല എന്ന് മനസിലായതോടെ സൂരജ് വെളിപ്പെടുത്തുകയായിരുന്നു. തന്നെ കുടുക്കിയതാണെന്നായിരുന്നു ആദ്യം പ്രതികരിച്ചത്. അത് വീണ്ടും ആവര്‍ത്തിച്ചു. പലിശ വാങ്ങാതെ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡി ശിപാര്‍ശ ചെയ്തതായും സൂരജ് വെളിപ്പെടുത്തി.