ന്യൂഡൽഹി : ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തവാവുർ ഹുസൈൻ റാണ ആക്രമണത്തിൽ തന്‍റെ പങ്ക് സമ്മതിച്ചതായി റിപ്പോർട്ട്. താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ. ഡൽഹിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ. മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായി പറഞ്ഞു. ലഷ്കർ-ഇ-ത്വയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവർത്തിച്ചുവെന്നും റാണ വെളിപ്പെടുത്തി.
തന്‍റെ സ്ഥാപനത്തിന്‍റെ ഒരു ഇമിഗ്രേഷൻ സെന്‍റർ മുംബൈയിൽ തുറക്കാനുള്ള ആശയം തന്‍റേതായിരുന്നുവെന്നും അതിലെ സാമ്പത്തിക ഇടപാടുകൾ ബിസിനസ് ചെലവുകളായാണ് നടത്തിയതെന്നും റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വൃത്തങ്ങൾ പറയുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങളിൽ താൻ പരിശോധന നടത്തിയിരുന്നുവെന്നും, 26/11 ആക്രമണങ്ങൾ പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്ഐ) സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 64 വയസുകാരനായ തഹാവൂർ റാണയെ ഖലീജ് യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലേക്ക് അയച്ചിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.