ആറന്മുള : പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ടേക്ക് എ ബ്രേക്ക് ശുചിമുറി കെട്ടിടം മാസങ്ങളായി അടഞ്ഞുകിടക്കുന്ന നിലയിൽ. സത്രക്കടവിന് സമീപത്താണ് അടഞ്ഞുകിടക്കുന്ന ശുചിമുറി കെട്ടിടം. 2020–2021 വർഷത്തെ പദ്ധതിയിൽ 26 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് അനാഥമായിക്കിടക്കുന്നത്. 2022 ഏപ്രിൽ 28ന് ആണ് ഇത് തുറന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെ ശുചിമുറി പ്രവർത്തിക്കുന്നതിന് കരാർ നൽകിയിരുന്നു. ഇതിനോടു ചേർന്നുള്ള കടമുറിയുമാണ് കരാറുകാരന് നൽകിയിരുന്നത്.
എന്നാൽ വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളുവെന്നാണ് നാട്ടുകാരുടെ പരാതി. കരാർ നൽകിയ തുടക്കത്തിൽ മാത്രമേ തുടർച്ചയായി തുറന്നിരുന്നുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പലപ്പോഴും പ്രവർത്തിച്ചിരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. രാവിലെ മുതൽ തുറന്നു പ്രവർത്തിക്കാത്തതുമൂലം ആളുകൾ എത്താതായതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ബസ് സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന കോഴഞ്ചേരി–മാവേലിക്കര റോഡിന്റെ പാതയോരത്താണ് ടേക്ക് എ ബ്രേക്ക് ശുചിമുറി കെട്ടിടം സ്ഥിതിചെയ്യുന്നത്. വാഹനയാത്രക്കാർക്കും മറ്റുള്ളവർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ശുചിമുറിയാണ് അടഞ്ഞുകിടക്കുന്നത്. ശുചിമുറി തുറന്നു പ്രവർത്തിപ്പിക്കാൻ കരാറെടുത്ത ആൾക്ക് ഉടൻ നിർദേശം നൽകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞു.