അടുത്ത കാലത്ത് മാത്രം മാലോകർ അറിഞ്ഞ ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പണ്ടൊക്കെ നമ്മൾ ഒരു ട്രിപ്പ് പോവാൻ പ്ലാൻ ചെയ്യുന്നത് തന്നെ ഊട്ടിയോ, കൊടൈക്കനാലോ, മൂന്നാറോ ഒക്കെ മുൻപിൽ കണ്ടായിരിക്കും. ഇടക്കാലത്ത് വണ്ടർലാ ഉൾപ്പെടെയുള്ള അമ്യൂസ്‌മെന്റ് പാർക്കുകളും തരംഗമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. കൂടുതൽ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ പുതുതായി രംഗത്ത് വന്നു. പലതും സാധ്യതകൾ തിരിച്ചറിയാൻ വൈകിയ ഇടങ്ങളായിരുന്നു. അത്തരത്തിൽ കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കക്കാടംപൊയിൽ. മലപ്പുറവുമായി അതിർത്തി പങ്കിടുന്ന ഒന്ന് കൂടി തെളിച്ചുപറഞ്ഞാൽ നിലമ്പൂരിനോട് ചേർന്ന് നിൽക്കുന്ന കോഴിക്കോട് ജില്ലയിലെ ഹിൽ സ്‌റ്റേഷനാണ് ഇത്.
ഒരു ഹിൽ സ്‌റ്റേഷന്റെ ഭംഗിയും അവിടുത്തെ മറ്റ് ആകർഷണങ്ങളും നമുക്കറിയാവുന്നതാണ്. അതൊക്കെയും കക്കാടംപൊയിലും കിട്ടും. തണുത്ത വെള്ളത്തിൽ ഒന്ന് കുളിക്കാൻ തോന്നുന്നവർക്ക് അരുവിയും, ട്രെക്കിങ് ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒറ്റ ദിവസത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണിത്. കോഴിക്കോട് നഗരത്തിന്റെ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് മുക്കം, കാരമൂല കൂടരഞ്ഞി വഴി കക്കാടംപൊയിലേക്ക് കയറാവുന്നതാണ്. ഇനി മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവരാണെങ്കിൽ അവർക്ക് നിലമ്പൂര്‍ അകമ്പാടം വഴി മൂലേപ്പാടം പാലം കടന്നും കക്കാടംപൊയിലിലേക്ക് എത്താവുന്നതാണ്. ഒരു പ്രത്യേക അനുഭവമാണ് യാത്രയിലൂടെ നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ഈ രണ്ട് വഴികളിലും കെഎസ്ആർടിസി സർവീസ് നടക്കുന്നുണ്ട്. കക്കാടംപൊയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. അവിടെ നിങ്ങളെ കാത്ത് മനോഹരമായ കാഴ്‌ചകളുണ്ട്. ഇവിടെ പലയിടത്തും ട്രെക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകൾ ഇഷ്‌ടപ്പെടുന്നവർക്ക് കാട്ടിനുള്ളിൽ കഴിയാവുന്ന ഹോം സ്‌റ്റേകളും ഇവിടെ സുലഭമാണ്. പിന്നെ ഒറ്റ ദിവസത്തെ യാത്ര താൽപര്യം ഇല്ലാത്ത ആളുകൾക്ക് ഒരുപാട് റിസോർട്ടുകളും ഇപ്പോൾ കക്കാടംപൊയിലുണ്ട്. ഇവിടുത്തെ മറ്റൊരു പ്രധാന കേന്ദ്രമാണ് പഴശ്ശിരാജ ഗുഹ. കക്കാടംപൊയിലിൽനിന്ന് ഏതാണ്ട് നാല് കിലോമീറ്റർ അകലെ നായാടംപൊയിലിന് അടുത്തായാണ് ഈ ഗുഹയുടെ സ്ഥാനം. പഴശ്ശിരാജാവിന്റെ ഒളിത്താവളമായിരുന്നു ഈ ഗുഹ എന്നാണറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് കക്കാടംപൊയിൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തണുപ്പും ഇവിടെ ആസ്വദിക്കാം. കാപ്പിയും വാഴയും ഉൾപ്പെടെയുള്ള കൃഷികൾക്ക് പുറമെ മറ്റ് പഴ വർഗങ്ങളുടെ കൃഷിയും ഇവിടെയുണ്ട്. അത് ഫാം ടൂറിസം എന്ന നിലയിലേക്ക് വളർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.