കോന്നി : കോന്നി താലൂക്കിൽ രൂക്ഷമാകുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. കോന്നി ആവോലികുഴിയിൽ പമ്പ് സെറ്റ് സ്ഥാപിച്ചെങ്കിലും വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പമ്പ് ഹൗസിൽ വൈദ്യുതി കണക്‌ഷൻ ലഭ്യമാകാത്തത് ആണ് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തത് എന്നും വാട്ടർ അതോറിറ്റി അറിയിച്ചു. എന്നാൽ വാട്ടർ അതോറിറ്റി കുടിശിക തീർക്കാൻ ഉണ്ടെന്നും ഇത് തീർക്കണം എന്നും കെ എസ് ഇ ബി അറിയിച്ചു. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ കണക്ഷൻ ലഭ്യമാകാത്ത കുടുംബങ്ങളിൽ കുടിവെള്ളത്തിന് ബിൽ തുക ഈടാക്കുന്നതായും ആക്ഷേപമുയർന്നു.
കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, വള്ളിക്കോട് തുടങ്ങിയ വിവിധ പഞ്ചായത്തുകളിൽ വാട്ടർ അതോറിട്ടി ഗാർഹിക കണക്ഷനുകൾ വർധിപ്പിക്കുന്നതല്ലാതെ പൈപ്പ് ലൈനുകൾ വ്യാസം കൂട്ടുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. രൂക്ഷമായ വരൾച്ച നേരിടുന്ന സാഹചര്യത്തിൽ പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടുന്നത് മൂലം കുടിവെള്ളം നഷ്ടപ്പെടുന്നുവെന്നും യോഗം അറിയിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ ഉൾപ്പെടുന്ന കല്ലേലിയിൽ കാട്ടാന ശല്യം വർധിച്ചു വരികയാണ്. കാട്ടാന കൂട്ടം തൊഴിലാളികളെ ഓടിക്കുന്ന സ്ഥിതി വരെ ഉണ്ടായി. തോട്ടം മേഖലയോട് ചേർന്ന് കിടക്കുന്ന ഇവിടെ വനാതിർത്തിയിൽ കിടങ്ങുകൾ നിർമ്മിച്ചാൽ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാൽ വനം വകുപ്പ് ആവശ്യമായ ഫണ്ട് ഇല്ലെന്ന് അറിയിച്ച സാഹചര്യത്തിൽ എസ്റ്റേറ്റ് അധികൃതർ ഇത് ചെയ്ത് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് വനം വകുപ്പ് അനുമതി നൽകണം എന്ന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്‌മ മറിയം റോയ് ആവശ്യപ്പെട്ടു.
കോണി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബ്ലോക്ക് ഓഫിസിലേക്ക് പോകുന്നതിനും വരുന്നതിനും തടസം ആകുന്നുണ്ട്. ഇതിന് പരിഹാരം കാണണം എന്നും ആവശ്യമുയർന്നു. കോന്നി മല്ലശേരിമുക്കിൽ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയും ആവശ്യമായ സുരക്ഷ ഒരുക്കുകയും ചെയ്യണം. പ്രമാടം സ്വാമിപടി ജംഗ്ഷനിൽ പൊട്ടിയ പൈപ്പ് ലൈൻ അടിയന്തിരമായി പുനഃസ്ഥാപിക്കണം എന്നും ആവശ്യമുയർന്നു. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും നടപ്പാക്കാതെ പോകുന്നു എന്നും ഈ നില തുടർന്നാൽ സമിതിയിൽ പങ്കെടുക്കില്ല എന്നും അംഗങ്ങൾ അറിയിച്ചു. കോന്നി പേരൂർകുളം സ്‌കൂളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ അനാഥമായി നീണ്ടുപോകുന്നത് പരിഹരിക്കണമെന്ന ആവശ്യത്തിൽ സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ പ്രവർത്തികൾ ആരംഭിക്കുമെന്നും മറുപടി നൽകി.
കോന്നി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ആംബുലൻസുകൾ രോഗിയുമായി പോകുമ്പോൾ ഒരേ കിലോമീറ്ററിന് വിവിധ നിരക്കുകൾ ഈടാക്കുന്നത് തടയണം എന്നും ആവശ്യമുയർന്നു. എന്നാൽ ഇതിന് ഒരു തുക നിച്ഛയിക്കപ്പെട്ടിട്ടില്ല എന്നും അധികൃതർ മറുപടി നൽകി. പൂവൻപാറയിൽ സംസ്ഥാന പാതക്ക് സമീപം നിലം നികത്തൽ വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസവും ടിപ്പറിൽ മണ്ണ് കൊണ്ടുവന്ന് നിലം നികത്തിയിരുന്നു. കെ എസ് റ്റി പി റോഡരുകിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടിപ്പർ ലോറിക്ക് കടക്കാൻ കഴിയുന്ന ഭാഗം ഒഴിച്ചിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇത് അടിയന്തിരമായി തടയണം എന്നും യോഗം ആവശ്യപ്പെട്ടു.
കൂടൽ രാക്ഷസൻ പാറയിൽ വൈദിക സംഘത്തിന് നേരെ തേനീച്ചയുടെ ആക്രമണമുണ്ടായ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തണം എന്നും ആവശ്യമുയർന്നു. കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യം രൂക്ഷമാണെന്നും ഇതിന് അടിയന്തിര നടപടി ഉണ്ടാകണം എന്നും യോഗം വനപാലകരോട് ആവശ്യപ്പെട്ടു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് തഹൽസീദാർ നസിയ കെ എസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ രേഷ്മമറിയം റോയ്, ഷാജി കെ ശാമുവേൽ.ബി രവികല,വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.