ചെന്നൈ : ദൈവങ്ങളുടെ ഭാഷയാണ് തമിഴ് എന്ന് മദ്രാസ് ഹൈക്കോടതി. രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങൾ തമിഴ് മന്ത്രങ്ങൾ ഉച്ചരിക്കേണ്ടതാണമെന്നും ജസ്റ്റിസ് എൻ കിരുബകരനും ജസ്റ്റിസ് പുകഴേന്തിയും ഉൾപ്പെടുന്ന ബെഞ്ച് പറഞ്ഞു. സംസ്കൃതം മാത്രമാണ് ദൈവങ്ങളുടെ ഭാഷയെന്ന് ആളുകളെ വിശ്വസിപ്പിച്ചിരിക്കുകയാണ് എന്നും കോടതി കുറ്റപ്പെടുത്തി
നമ്മുടെ രാജ്യത്ത് സംസ്കൃതം മാത്രമാണ് ദൈവത്തിൻ്റെ ഭാഷയെന്നും മറ്റ് ഭാഷകൾ സംസ്കൃതത്തിനൊപ്പമെത്തില്ലെന്നും ആളുകളെ വിശ്വസിപ്പിച്ചിരിക്കുകയാണ്. സംസ്കൃതം പ്രാചീന ഭാഷയാണെന്നതിൽ തർക്കമില്ല. പുരാതന സാഹിത്യങ്ങൾ സംസ്കൃതത്തിൽ ഒട്ടേറെയുണ്ട്.
സംസ്കൃത വേദങ്ങൾ ഉച്ചരിച്ചാൽ മാത്രമേ ഭക്തരുടെ പ്രാർത്ഥന ദൈവങ്ങൾ കേൾക്കൂ എന്ന തരത്തിലുള്ള വിശ്വാസം പ്രചരിക്കപ്പെട്ടിരിക്കുകയാണ്. തമിഴ് പുരാതന ഭാഷയാണെന്നത് മാത്രമല്ല അത് ദൈവത്തിൻ്റെ ഭാഷ കൂടിയാണ്. നൃത്തം ചെയ്യുന്നതിനിടെ ശിവ ഭഗവാൻ്റെ ഇടയ്ക്കയിൽ നിന്ന് പിറന്ന ഭാഷയാണ് തമിഴ് എന്നാണ് വിശ്വാസം. മുരുക ഭഗവാനാണ് തമിഴ് ഭാഷ നിർമ്മിച്ചതെന്നും അഭിപ്രായങ്ങളുണ്ട്.”- കോടതി നിരീക്ഷിച്ചു.