ചെന്നൈ: തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നതിനാല്‍ ഗവര്‍ണര്‍ രാഷ്ട്രീയം സംസാരിക്കണ്ടെന്നാണ് തന്‍റെ നിലപാടെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഗവര്‍ണര്‍മാര്‍ പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും ഉപദേശിച്ചു. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതിവായി വാർത്താ സമ്മേളനങ്ങളിൽ സംസാരിക്കുമ്പോൾ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി അപൂർവ്വമായി മാധ്യമങ്ങളെ കാണുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
”ഒരു ഗവർണർ രാഷ്ട്രീയം പറയരുത്, അത് തെറ്റായ മാതൃക സൃഷ്ടിക്കുന്നു.ഭരണഘടന അനുശാസിക്കുന്ന ചുമതല മാത്രമേ ഗവർണർ നിർവഹിക്കാവൂ. ഞാൻ ഭരണകക്ഷിയാണെങ്കിലും രാഷ്ട്രീയം പറയരുതെന്ന് ഗവർണറെ ഉപദേശിക്കുമായിരുന്നു, അത് തെറ്റായ മാതൃകയാണ്. വർഷത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ അവർക്ക് അച്ചടി മാധ്യമങ്ങൾക്ക് അഭിമുഖം നൽകാം. അത് കുഴപ്പമില്ല. അത് അങ്ങനെ തന്നെ ആയിരുന്നു, അങ്ങനെ തന്നെ വേണം. മറ്റ് ഗവർണർമാരെ കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് അവരുടെ പ്രവർത്തന ശൈലിയാണ്.” അണ്ണാമലൈ വ്യക്തമാക്കി.