ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ മകളുടെ വിവാഹ ആഘോഷങ്ങൾക്കായി മുടക്കിയ പണത്തെക്കുറിച്ചുള്ള തർക്കത്തിൽ വ്യക്തത വരുത്തി രാജ് ഭവൻ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഊട്ടി രാജ്ഭവനിൽ നടന്ന ചടങ്ങുകൾക്ക് സർക്കാർ പണം ഉപയോഗിച്ചുവെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണറുടെ സ്വകാര്യ പണമാണ് വിവാഹത്തിനായി ഉപയോഗിച്ചതെന്ന് രാജ്ഭവൻ അറിയിച്ചു. അതിഥികളല്ലാം സ്വകാര്യ ഹോട്ടലുകളിലാണ് താമസിച്ചത്. സ്വകാര്യ വാഹനങ്ങളാണ് യാത്രക്ക് ഉപയോഗിച്ചത്.
ഭക്ഷണത്തിന്‍റെ ആവശ്യങ്ങൾക്കും രാജ് ഭവനെ ഉപയോഗിച്ചട്ടില്ല. വിവാഹത്തിന് ഉപയോഗിച്ച പൂക്കളും അലങ്കാരങ്ങളും വരെ പുറത്തുനിന്ന് വാങ്ങിയതാണെന്നും രാജ് ഭവൻ വ്യക്തമാക്കി. ചടങ്ങിന് വേണ്ട മുഴുവൻ ചെലവുകളും ഗവർണർ തന്നെയാണ് വഹിച്ചത്. ഗവർണർക്കും കുടുംബാംഗങ്ങൾക്കും രാജ്ഭവനിൽ നിന്ന് സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കാൻ അർഹതയുണ്ടെങ്കിലും ഭക്ഷണ ബില്ലുകൾ എല്ലാ മാസവും നൽകാറുണ്ടെന്നും എം.പിയുടെ നിരുത്തരവാദപരവും നികൃഷ്ടവുമായ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.