മലപ്പുറം: ബ്രോയിലര്‍ കോഴിയുടെ വില കുത്തനെ കൂടാന്‍ വഴിവച്ചത് പാരന്റ് ബേഡുകളുടെ എണ്ണം കുറച്ചുള്ള തമിഴ്‌നാട്ടിലെ വമ്പന്‍ ഫാമുകളുടെ ആസൂത്രിത നീക്കം. സാധാരണഗതിയില്‍ രണ്ടര വര്‍ഷത്തോളം പാരന്റ് ബേഡുകളെ മുട്ടയ്ക്കായി ആശ്രയിക്കാറുണ്ട്. ഇതിന് ശേഷമേ ഇവയെ ഒഴിവാക്കാറുള്ളൂ. എന്നാല്‍ കോഴി ഉത്പാദനം കൂടുകയും വില കുറയാന്‍ തുടങ്ങുകയും ചെയ്തതോടെ ഇതിന് തടയിടാന്‍ മുട്ടയുത്പാദന കാലയളവ് ശേഷിക്കേ തന്നെ പാരന്റ് ബേഡുകളെ ഒഴിവാക്കാന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വമ്പന്‍ ഫാമുകളുടെ കൂട്ടായ്മ തീരുമാനിച്ചു. ഇതോടെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ക്ഷാമം നേരിട്ടു.
കേരളത്തിലെ ഫാമുകളില്‍ കോഴികളെ വളര്‍ത്തുന്നതും കുറഞ്ഞു. കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ 80 ശതമാനത്തിലധികം തമിഴ്‌നാട്ടിലെ വമ്പന്‍ ഫാമുകളില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് വരെ കോഴി വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് കോഴിക്കര്‍ഷകരുടെ സംഘടനകള്‍ പറയുന്നത്. നിലവില്‍ ഫാമുകളില്‍ നിന്ന് 100-105 രൂപ നിരക്കില്‍ വാങ്ങിക്കുന്ന കോഴി ഇടനിലക്കാര്‍ വഴി കടകളിലെത്തി വില്‍ക്കുമ്പോള്‍ 135 രൂപ വരെ നല്‍കണം. കോഴിക്ക് മികച്ച വില കിട്ടുമ്പോഴും ഉത്പാദനച്ചെലവ് ഉയര്‍ന്നതിനാല്‍ കോഴി കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമില്ല.
50 കിലോയുടെ കോഴിത്തീറ്റയ്ക്ക് നിലവില്‍ 2,340 രൂപ നല്‍കണം. 1,800ല്‍ നിന്ന് പൊടുന്നനെ വില ഉയരുകയായിരുന്നു. തൊഴിലാളികളുടെ കൂലി, മരുന്ന്, വൈദ്യുതി നിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം തമിഴ്‌നാടിനെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. തണുപ്പുള്ള കാലാവസ്ഥ അനുകൂലമായതിനാല്‍ കോഴികളുടെ തൂക്കം കൂടിയത് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നുണ്ട്. മിക്ക ഫാമുകളിലും കോഴിക്ക് ശരാശരി രണ്ടര കിലോ തൂക്കം ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ നട്ടം തിരിയണം ബ്രോയിലര്‍ കോഴി ഉത്പാദന മേഖലയെ കാര്‍ഷികവൃത്തിയായി അംഗീകരിക്കണമെന്ന കേരളത്തിലെ ഫാമുകളുടെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഫാമുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസായ വകുപ്പ്, കൃഷി വകുപ്പുകളിലായി ചിതറികിടക്കുകയാണ്.
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും കാര്യമായ അറിവില്ല. പുതുതായി ഫാം തുടങ്ങാന്‍ മുന്നോട്ടുവരുന്നവര്‍ ഇതുമൂലം നട്ടം തിരിയുന്നുണ്ട്. കോഴി ഫാം മേഖലയെ കാര്‍ഷികവൃത്തിയായി അംഗീകരിക്കണമെന്നതില്‍ യാതൊരു നടപടിയുമില്ല. വൈദ്യുതിയുടെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. നിലവിലെ സ്ഥിതിയില്‍ കേരളത്തിലെ ഫാമുകള്‍ക്ക് അധികകാലം മുന്നോട്ടുപോവാനില്ല. ഖാദറലി വറ്റല്ലൂര്‍, കേരള പൗള്‍ട്രി ഫാം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി.