ഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ ഒരു നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യന്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നല്‍കിയിരിക്കുകയാണ് നടന്‍ . ലണ്ടനില്‍ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്. അതില്‍ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്. യുവതിയുടെ പ്രശ്നം നേരില്‍ കണ്ടതോടെയാണ് അജിത് കുമാര്‍ യുവതിയെ സഹായിച്ചത്. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘എന്റെ ഭാര്യ ഗ്ലാസ്ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവള്‍ തനിച്ചായിരുന്നു. ഇതിനിടയില്‍ നടന്‍ അജിത് കുമാറിനെ കാണാന്‍ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവള്‍ താരത്തെ കാണാനെത്തി. എന്നാല്‍ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്‌കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത് ‘, എന്നാണ് യുവതിയുടെ ഭര്‍ത്താവ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ അജിത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.