തിരുവനന്തപുരം: മലപ്പുറം തിരൂർ താലൂക്കിലെ താനൂർ തൂവൽ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് വി കെ മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കും. നീലകണ്ഠൻ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയർ, ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാർ (ചീഫ് എഞ്ചിനീയർ, കേരള വാട്ടർവേയ്സ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധർ കമ്മീഷൻ അംഗങ്ങളായിരിക്കും.
മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ദുരന്തത്തിൽ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ്, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.