മലപ്പുറം:താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് അനധികൃത സർവീസ് നടത്തിയതായി റിമാൻഡ് റിപ്പോർട്ട്. 20 ദിവസം ബോട്ട് അനധികൃത സർവീസ് നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്. താനൂർ ബോട്ട് അപകടത്തിൽ ഇന്ന് രാവിലെയോടെ സ്രാങ്ക് അറസ്റ്റിലായിരുന്നു. ബോട്ട് ഓടിച്ച ദിനേശനാണ് താനൂരിൽ നിന്ന് അറസ്റ്റിലായത്. ഇതോടെ ബോട്ട് ഉടമ നാസറുൾപ്പെടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. കോടതി റിമാൻഡ് ചെയ്ത ബോട്ടുടമ നാസറിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും .
വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത് . അതിനിടെ നാസറിനെ ഒളിവിൽ പോവാൻ സഹായിച്ച മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താനൂർ സ്വദേശികളായ മുഹമ്മദ് ഷാഫി ,വാഹിദ് ,സലാം എന്നിവരെ ഇന്നലെ പൊന്നാനിയിൽ വെച്ചാണ് പിടികൂടിയത്.ആദ്യം പിടിയിലായ നാസറിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
അതേസമയം താനൂര്‍ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്കാണ് യോഗം . വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമേ മാരി ടൈം ബോര്‍ഡ് ഉന്നതരും യോഗത്തില്‍ പങ്കെടുക്കും . അപകടത്തെ കുറിച്ച് മാരിടൈം ബോര്‍ഡ് തയ്യാറാക്കിയ റിപോര്‍ട്ടും വകുപ്പിന് കൈമാറും. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയാകും. താനൂർ ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനായി ആരെ നിയമിക്കണമെന്ന കാര്യം ഇന്നത്തെ മന്ത്രിസഭയോഗം തീരുമാനിക്കും.
ആറ് മാസമായിരിക്കും കമ്മീഷന്‍റെ കാലാവധി. ടേംസ് ഓഫ് റെഫറന്‍സും മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. ബോട്ടപകടത്തിന് കാരണമെന്ത്,ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ടേംസ് ഓഫ് റഫറന്‍സില്‍ ഉണ്ടാകും. എഐ ക്യാമറ വിവാദവും ചര്‍ച്ചക്ക് വന്നേക്കും. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് മരിച്ചത്.