ചെങ്ങന്നൂർ : തിരുവൻവണ്ടൂരിനെ വിറപ്പിച്ച് തസ്ക്കര സംഘം. ഞായറാഴ്ച പുലർച്ചെ 12.45 നു ശേഷമാണ് തിരുവൻണ്ടൂർ കൊല്ലംപറമ്പിൽ ടി. രഘുനാഥൻ്റെ വീട്ടിൽ കോളിംഗ് ബൽ ശബ്ദിച്ചത്. ഇത് കേട്ട് രഘുനാഥനും ഭാര്യയും എഴുന്നേറ്റ് ലൈറ്റിട്ടു. ആരാണെന്ന് ചോദിച്ചിട്ടും മറുപടി കിട്ടാത്തതിനാൽ ഇരുവരും ഭയന്നു. വീണ്ടും മുൻവശത്തെ ജനാലയുടെ ഗ്ലാസ് അടിച്ച് ഇളക്കി. ശബ്ദം കേട്ട് വീണ്ടും ചോദ്യമുയർന്നിട്ടും മറുപടിയില്ല. കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി നോക്കാം എന്നു കരുതിയപ്പോൾ അപകടം മനസിലാക്കിയ ഭാര്യ സുജാത അത് വിലക്കി. പുറത്തെ ലൈറ്റ് മുഴുവനും തെളിച്ചു. ഇളക്കിയ ജനൽ ഗ്ലാസിന് ഇടയിലൂടെ നോക്കിയപ്പോൾ മുറ്റത്തെ ചെടിയുടെ മറവിൽ രണ്ട് പേർ നിൽക്കുന്നുണ്ടായിരുന്നു. ഇവരുടെ ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല.
ഒരാൾ തടിച്ച ശരീരത്തോടു കൂടിയതും മറ്റേയാൾ മെലിഞ്ഞ ആളുമാണ്. അടിവസ്ത്രം മാത്രമാണ് വേഷം എന്ന് രഘുനാഥൻ പറഞ്ഞു. പോലീസിനെ വിളിക്കാനുള്ള നമ്പറും ഇവർക്ക് അറിയില്ലായിരുന്നു. അപ്പോഴത്തെ അവസ്ഥയിൽ അവരുടെ എളിയ ബുദ്ധിയിൽ തോന്നിയത് പോലീസിനെ വിളിച്ച് വിവരം അറിയിക്കുന്നതായി അഭിനയിച്ചു. ഇതു കേട്ട് പുറത്തു നിന്ന കള്ളന്മാർ എന്ന് സംശയിക്കുന്നവർ ഓടി മറയുകയായിരുന്നു. അയൽവാസികളെ വിവരം ധരിപ്പിച്ചു. എല്ലാവരും വീടുകളിലെ ലൈറ്റുകൾ തെളിയിച്ചുവെങ്കിലും ഇതിനിടയിൽ കള്ളന്മാർ ഓടി രക്ഷപെട്ടിരുന്നു. സാധാരണ കർഷക കുടുംബത്തിൽ പെട്ടതാണ് ദമ്പതികൾ .