അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയ്ക്കായി ഇന്ത്യയിലേക്ക് വൈദ്യുത കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവയിൽ ഇളവനുവദിക്കുന്നതിനെ എതിർത്ത് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ടെസ്ലയ്ക്ക് ഇളവ് അനുവദിക്കുന്നത് വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഫെയിം പദ്ധതിയിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് ടാറ്റ മോട്ടോഴ്സ് യാത്രാ വാഹന വിഭാഗം പ്രസിഡന്റ് സുശീൽ ചന്ദ്ര അഭിപ്രായപ്പെട്ടത്.
പരമാവധി വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കാനും ഇവ 15 ലക്ഷം രൂപയിൽ താഴെ വിലയിൽ ഉപയോക്താക്കളിൽ എത്തിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഫെയിം പദ്ധതി ഒരുക്കിയിട്ടുള്ളത്. ഈ പദ്ധതിയുടെ കീഴിലാണ് സബ്സിഡി ഉൾപ്പെടെ നൽകുന്നത്.
ഇറക്കുമതിത്തീരുവ കുറച്ചാൽ പ്രാപ്യമായ വിലയിൽ വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കാനുള്ള ലക്ഷ്യം സാധ്യമാകില്ല. നിലവിൽ രാജ്യത്ത് 90 ശതമാനം വൈദ്യുത വാഹനങ്ങളും വിപണയിലെത്തിക്കുന്നത് ടാറ്റ മോട്ടോഴ്സ് ആണ്. വിപുലീകരണ പദ്ധതി ആലോചിക്കുമ്പോഴും ഫെയിം സ്കീമിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.