ടാറ്റ നെക്സോൺ ഫേസ്ലിഫ്റ്റ് പതിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ നെക്സോൺ ഇവിയുടെ (Tata Nexon EV) പുതുക്കിയ പതിപ്പ് കൂടി കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഡിസൈനും സവിശേഷതകളുമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വാഹനങ്ങളുടെ വില സെപ്റ്റംബർ 14ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വെച്ച് പ്രഖ്യാപിക്കും. നിരവധി മാറ്റങ്ങളുമായിട്ടാണ് ടാറ്റ നെക്സോൺ ഇവി ഫേസ്ലിഫ്റ്റ് വരുന്നത്. ഈ വാഹനത്തിനുള്ള റിസർവേഷൻ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും. നെക്സോൺ ഫേസ്ലിഫ്റ്റിന്റെ റിസർവേഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
നെക്‌സോൺ ഇവി ഫേസ്ലിഫ്റ്റിന്റെ പവർട്രെയിനിൽ കമ്പനി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രൈം, മാക്‌സ് എന്നിങ്ങനെ റേഞ്ചിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ഇപ്പോൾ മാറ്റിയിരിക്കുകയാണ്. മീഡിയം റേഞ്ച് (എംആർ), ലോംഗ് റേഞ്ച് (എൽആർ) എന്നിവയാണ് ഇപ്പോൾ ഇവയെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന പേരുകൾ. നെക്സോൺ ഇവി എംആർ 30kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഈ വേരിയന്റ് 325 കിലോമീറ്റർ റേഞ്ച് നൽകുന്നു. എൽആർ വേരിയൻറ് 40.5kWh ബാറ്ററി ഉപയോഗിക്കുകയും 465 കിലോമീറ്റർ റേഞ്ച് നൽകുകയും ചെയ്യുന്നു.
നെക്‌സോൺ ഇവി ഫേസ്ലിഫ്റ്റിന്റെ രണ്ട് വേരിയന്റുകളും 7.2kW എസി ചാർജറുമായിട്ടാണ് വരുന്നത്. ഏകദേശം 4.3 മണിക്കൂറിൽ എംആർ മോഡൽ ചാർജ് ചെയ്യാനും 6 മണിക്കൂറിൽ എൽആർ മോഡൽ ചാർജ് ചെയ്യാനും സാധിക്കും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ഈ ചാർജിംഗ് സമയം രണ്ട് പതിപ്പുകൾക്കും 56 മിനിറ്റായി കുറയുന്നു. നെക്‌സോൺ ഇവി ഫേസ്ലിഫ്റ്റ് ഇപ്പോൾ V2V അഥവാ ഒരു വാഹനത്തിൽ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാർജ് ചെയ്യാനുള്ള ഫീച്ചറുമായി വരുന്നു. നെക്‌സോൺ ഇവി ഫേസ്ലിഫ്റ്റിന്റെ എംആർ പതിപ്പ് 129 എച്ച്പി പവറും 215 ന്യൂട്ടൺ-മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. എൽആർ പതിപ്പ് 145 എച്ച്പി പവറും 215 ന്യൂട്ടൺ-മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു.
പഴയ പതിപ്പിനെ അപേക്ഷിച്ച് എംആർ വേരിയന്റിന് 30 ന്യൂട്ടൺ-മീറ്ററിന്റെ കുറവ് ടോർക്ക് കുറവാണ്. എൽആർ വേരിയന്റിന്റെ ടോർക്ക് 38 ന്യൂട്ടൺ-മീറ്ററും കുറഞ്ഞിട്ടുണ്ട്. എൽആർ പതിപ്പിന് 8.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നും മണിക്കൂറിൽ 150 കിലോമീറ്റർ ഉയർന്ന വേഗതയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ടാറ്റ നെക്സോൺ ഇവി ഫേസ്ലിറ്റിനെ പെട്രോൾ, ഡീസൽ എഞ്ചിനുമായി വരുന്ന നെക്‌സോൺ ഫേസ്ലിഫ്റ്റിൽ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. കമ്പനി ഈ വാഹനത്തിന് നേരത്തെ ഉണ്ടായിരുന്ന നെക്സോൺ ഇവി മാക്സ്, പ്രൈം എന്ന പേരുകൾ ഒഴിവാക്കി. നെക്സോൺ ഇവി എന്ന് പേര് മാത്രമാക്കി. ഈ വാഹനത്തിന്റെ മുൻവശത്ത് ഫുൾ-വീഡ്ത്ത് എൽഇഡി ഡിആർഎൽ ആണ് നൽകിയിട്ടുള്ളത്. ഈ എൽഇഡി ഡിആർഎൽ ഡിസൈൻ കമ്പനിയുടെ വരാനിരിക്കുന്ന മോഡലായ കർവ്വിൽ നിന്നും എടുത്തതാണ്.
നെക്‌സോൺ ഇവിയുടെ ഗ്രില്ലിന്റെ മുകൾ ഭാഗത്തിന്റെ ഡിസൈനും കമ്പനി മാറ്റിയിട്ടുണ്ട്. ഐസിഇ നെക്‌സോൺ ഫേസ്ലിഫ്റ്റിൽ എൽഇഡി ഡിആർഎല്ലുകൾക്കിടയിൽ ഹൈ ഗ്ലോസ് ബ്ലാക്ക് സ്ട്രിപ്പ് നൽകിയിട്ടുണ്ട്. ഇത് കണക്റ്റഡ് അല്ല. ഇതിന് പകരം നെക്‌സോൺ ഇവിയിൽ സിംഗിൾ-ടോൺ ബോഡി കളറാണ് കമ്പനി നൽകിയിട്ടുള്ളത്. റേഡിയേറ്റർ ഇല്ലാത്തതിനാൽ ഇവികൾക്ക് ഗ്രിൽ ആവശ്യമില്ലെന്നതാണ് ഇതിന് കാരണം. ഐസിഇ മോഡലിൽ നിന്നും നെക്‌സോൺ ഇവിയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം ലോവർ ഗ്രില്ലുകൾ സ്ലാറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ്.