ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോർ, നെക്സോൺ എന്നീ ത്രിമൂർത്തികളാണ് കമ്പനിയെ ഇന്നു കാണുന്ന നിലയിലെത്താൻ സഹായിച്ചത്. അതുവരെ അധികമാരും അടുക്കാതിരുന്ന ഷോറൂമുകളിൽ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. ശരിക്കും ഈ മൂന്നു കാറുകളുടേയും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളാണ് കൂടുതൽ ജനപ്രീതിയാർജിച്ചത്. കിടിലൻ രൂപത്തിനൊപ്പം പെർഫോമൻസും സേഫ്റ്റിയും കൂടി അണിനിരന്നതോടെ ടാറ്റയ്ക്ക് ശുക്രൻ തെളിഞ്ഞു. അങ്ങനെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്സോൺ പേരെടുക്കുകയായിരുന്നു. അതുവരെ ഹ്യുണ്ടായി വെന്യുവും മാരുതി സുസുക്കിയും വിറ്റാര ബ്രെസയും വിൽപ്പനയുടെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും നെക്സോണിന്‍റെ വിജയഗാഥയാണ് പിന്നീട് കാണാനായത്. ദേ ഇപ്പോൾ കാലാതീതമായ മാറ്റങ്ങളുമായി പിറവിയെടുക്കാൻ പോവുകയാണ് നെക്സോണിന്റെ പുതുതലമുറ മോഡൽ.
2023 ടാറ്റ നെക്സോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഇന്റീരിയര്‍ ചിത്രങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വേഷംമാറിയെത്തുന്ന നെക്സോൺ നിലവിലുള്ള 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടർന്നും ലഭ്യമാവുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും അതേപടി നിലനിൽക്കും. എന്നാൽ പെട്രോൾ എഞ്ചിന് ഇപ്പോൾ 5-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുമെന്നതാണ് ഇതിലെ ഹൈലൈറ്റ്. അങ്ങനെ പുതിയ നെക്സോണിന്റെ 1.2 പെട്രോൾ എഞ്ചിൻ നാല് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. പുതിയ നെക്സോൺ എസ്‌യുവിയുടെ എൻട്രി ലെവൽ പെട്രോൾ ട്രിമ്മുകളിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വരുമ്പോൾ ടോപ്പ് എൻഡ് വേരിയന്റുകൾക്കായി 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ടാറ്റ മോട്ടോർസ് മാറ്റിവെക്കും. മിഡ് പെട്രോൾ ട്രിമ്മുകൾക്ക് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും ഉണ്ടായിരിക്കുക. ബ്രെസ, വെന്യു, സോനെറ്റ്, കൈഗർ, മാഗ്‌നൈറ്റ് എന്നിവയെല്ലാം ടോർക്ക് കൺവെർട്ടർ, സിവിടി അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോ എന്നിവ വാഗ്ദാനം ചെയ്യുമ്പോൾ ഇത്രയും നല്ലൊരു വണ്ടിയിൽ എഎംടി നൽകിയിരുന്നത് പലരേയും വാഹനത്തിൽ നിന്നും അകറ്റിയിരുന്നു.
വമ്പൻ പരിഷ്ക്കാരങ്ങളുമായി എത്തുന്ന നെക്സോണിന് റീഡിസൈൻ ചെയ്‌ത എക്‌സ്റ്റീരിയര്‍, അടിമുടി പൊളിച്ചുപണിത ഇന്റീരിയർ ശൈലി എന്നിവയും ഉണ്ടാവും. പുറത്ത് ഷീറ്റ് മെറ്റൽ മാറ്റങ്ങൾ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ ടാറ്റ കർവ്വിൽ നിന്ന് പ്രചോദനം കൊണ്ട ഡിസൈൻ ശൈലിയായിരിക്കും പുതിയ നെക്‌സോണിനുണ്ടാവുക. ഇതിൽ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സെറ്റപ്പ്, പിന്നിൽ പൂർണ വീതിയുള്ള എൽഇഡി ടെയിൽലൈറ്റ്, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പഴയ നെക്‌സോണിന്റെ Y- ആകൃതിയിലുള്ള ഡിസൈൻ മോട്ടിഫുകളുടെ ഒഴിവാക്കൽ എന്നിവയും ഉൾപ്പെടും.
അകത്തളവും വലിയ മാറ്റങ്ങൾക്കാണ് വിധേയമാവുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ ടച്ച് അധിഷ്‌ഠിത സെൻട്രൽ കൺട്രോൾ പാനൽ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ബാക്ക്‌ലിറ്റ്, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയുൾക്കൊള്ളുന്ന പുത്തൻ ഡാഷ്‌ബോർഡ് പ്രീമിയം ഫീലാണ് നൽകുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും നിലവിലെ നിലവാരം എസ്‌യുവി അതേപടി കാത്തുസൂക്ഷിക്കും. നെക്സോണിന് ലഭിക്കുന്ന ലഭിക്കുന്ന വിപുലമായ അപ്‌ഡേറ്റുകൾക്കൊപ്പം വിലയിലും കാര്യമായ വർധനവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 8 ലക്ഷം മുതൽ 14.60 ലക്ഷം രൂപ വരെയാണ് ടാറ്റ എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിൽ നിന്നും വില അൽപം കൂടി ഉയരുമെന്നാണ് അനുമാനം.
പുതിയ ടാറ്റ നെക്‌സോൺ 2023 സെപ്റ്റംബർ പകുതിയോടെ വിപണിയിലെത്തുമെന്നാണ് വിവരം. വിപണിയിലെ എതിരാളികളുടെ കാര്യത്തിലേക്ക് വന്നാൽ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, റെനോ കിഗർ, നിസാൻ മാഗ്നൈറ്റ്, കിയ സോനെറ്റ്, മഹീന്ദ്ര XUV300 തുടങ്ങിയ കോംപാക്‌ട് എസ്‌യുവികളോട് തന്നെയാവും പുതിയ നെക്സോണിന്‍റെ തുടർന്നുള്ള മത്സരവും. ഇതുകൂടാതെ നെക്‌സോണ്‍, ടിഗോര്‍, ടിയാഗോ ഇവികളുടെ ബലത്തില്‍ നിലവില്‍ ഇലക്ട്രിക് വാഹന വിഭാഗം ഭരിക്കുന്ന ടാറ്റ തങ്ങളുടെ ആധിപത്യം കൂടുതല്‍ വിപുലീകരിക്കുള്ള ശ്രമങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.