ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ്പനിയാണ് ടാറ്റ. കുറഞ്ഞ വിലയിൽ മികച്ച റേഞ്ചുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയിട്ടുള്ള ടാറ്റ ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ കർവ്വ് ഇവി എന്നീ വാഹനങ്ങളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്. അതിശയിപ്പിക്കുന്ന റേഞ്ചുമായിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ എത്തുക. യാത്ര ചെയ്യുന്നതിനിടെ വാഹനം ചാർജ് തീർന്ന് വഴിയിൽ നിന്നുപോകും എന്ന ആശങ്ക പലരെയും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും ജനങ്ങളെ അകറ്റുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് ഇനി വരുന്ന ഇവികൾക്ക് കൂടുതൽ റേഞ്ച് നൽകും.
പഞ്ച് ഇവി, ഹാരിയർ ഇവി, കർവ്വ് ഇവി എന്നിവയ്ക്ക് കമ്പനി 500 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. ഇതിനായി ബാറ്ററികളെ ജനറേഷൻ 1 പ്ലാറ്റ്ഫോമുകളിൽ നിന്ന് ജനറേഷൻ 2 പ്ലാറ്റ്ഫോമുകളിലേക്ക് മാറാനും ടാറ്റ മോട്ടോഴ്‌സിന് പദ്ധതികളുണ്ട്. ഈ മാറ്റത്തോടെ ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന രീതിയിൽ ബാറ്ററി പാക്ക് എനർജി പരമാവധി ഉപയോഗിക്കാൻ സാധിക്കും. റേഞ്ചിനെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. റേഞ്ചിന്റെ കാര്യത്തിൽ ഇതിനകം തന്നെ ടാറ്റ മോട്ടോഴ്‌സ് കഴിവ് തെളിയിച്ചിട്ടുണ്ട്. 465 കിലോമീറ്റർ റേഞ്ചുള്ള നെക്സോൺ ഇവി നിലവിൽ കമ്പനി വിൽപ്പന നടത്തുന്നുണ്ട്. ടാറ്റ മോട്ടോഴ്സ് ഇതിനകം തന്നെ വിപണിയിൽ പുരോഗതി കൈവരിച്ചതായി ടാറ്റ മോട്ടോഴ്സിന്റെ എംഡി അറിയിച്ചിട്ടുണ്ട്. മികച്ച റേഞ്ചും ചാർജിങ് സൗകര്യവും നൽകുന്നതിലൂടെ കൂടുതൽ ആളുകൾ ഇവികൾ വാങ്ങാൻ തയ്യാറാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് കരുതുന്നത്. ടാറ്റയുടെ വരാനിരിക്കുന്ന ഇവികൾ കൂടുതൽ റേഞ്ചും ഫീച്ചറുകളും നൽകുമെന്ന് കമ്പനി എംഡി വ്യക്തമാക്കിയിട്ടുണ്ട്.
8.5 ലക്ഷം രൂപ മുതലാണ് ടാറ്റ ഇവികളുടെ വില ആരംഭിക്കുന്നത്. ടിയാഗോ ഇവിയാണ് ഏറ്റവും വില കുറഞ്ഞ മോഡൽ. ഇതിന് മുകളിലായി ടിഗോർ ഇവി, നെക്‌സോൺ ഇവി എന്നിവയും ലഭ്യമാണ്. 300 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ ധാരളമായി വിൽപ്പന നടത്തുന്നുണ്ട്. നഗരങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ഈ റേഞ്ച് മതിയാവും. എന്നാൽ ദീർഘദൂര യാത്രകൾ നടത്തുന്ന അവസരത്തിൽ റേഞ്ച് ഒരു പ്രശ്‌നമായി വരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതായിരിക്കും ടാറ്റയുടെ പഞ്ച് ഇവി, ഹാരിയർ ഇവി, കർവ്വ് ഇവി എന്നീ വാഹനങ്ങൾ എന്നുവേണം കരുതാൻ. ഹൈവേകളിൽ കൂടുതൽ ചാർജിങ് സംവിധാനങ്ങൾ ലഭ്യമാക്കാനും ടാറ്റയ്ക്ക് പദ്ധതികളുണ്ട്.