ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം പുലർത്തുന്ന ബ്രാന്റാണ് ടാറ്റ മോട്ടോഴ്സ്. നെക്സോൺ ഇവിയിൽ തുടങ്ങിയ ടാറ്റയുടെ കുതിപ്പ് ഇപ്പോൾ കൂടുതൽ വാഹനങ്ങളിൽ തുടരുകയാണ്. പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലുമാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ അടുത്ത ഇലക്ട്രിക് വാഹനങ്ങളിലൊന്ന് ടാറ്റ പഞ്ച് ഇവി ആണ്. ആകർഷകമായ റേഞ്ചും സവിശേഷതകളുമായിട്ടായിരിക്കും ഈ വാഹനം വരുന്നത്.
ഡിസൈൻ
ടാറ്റ പഞ്ച് ഇവിയുടെ ടെസ്റ്റ് മ്യൂൾ റോഡുകളിൽ ഒന്നിലധികം തവണ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം അതിന്രെ പെട്രോൾ മോഡലിൽ നിന്നുള്ള ഡിസൈൻ നിലനിർത്തുമെങ്കിലും ഇവി ടാഗ് തിരിച്ചറിയാനുള്ള നിരവധി ഘടകങ്ങൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തും. പുതിയ ഫ്രണ്ട് ഫാസിയയുള്ള ടാറ്റ പഞ്ച് ഇവിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഈ ചിത്രങ്ങളിൽ ഇലക്ട്രിക് കാറിന്റെ വശവും പിൻഭാഗവും വ്യക്തമായി കാണാം. പെട്രോൾ പതിപ്പിൽ നിന്നും ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാവുന്ന തരത്തിൽ മാറ്റങ്ങളോടെയാവും ഇലക്ട്രിക് വരുന്നത്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളുമായിട്ടാണ് ടാറ്റ പഞ്ച് ഇവി വരാൻ പോകുന്നത്. പുതുക്കിയ ഇവി-ബേസ്ഡ് ഗ്രില്ലും വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റ് ബാറും റീഡിസൈൻ ചെയ്ത ഫ്രണ്ട് ബമ്പറും വാഹനത്തിൽ നൽകും. ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ രീതിക്ക് അനുയോജ്യമായ രീതിയിൽ നെക്‌സോൺ ഇവി ഫേസ്‌ലിഫ്റ്റിന്റെ ഫ്രണ്ട് പ്രൊഫൈൽ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കും ടാറ്റ പഞ്ച് ഇവിയുടെ മുൻവശവും നിർമ്മിക്കുന്നത്.
പിൻവശം
വശങ്ങളിലേക്ക് നോക്കിയാൽ പഞ്ച് ഇവിക്ക് റിയർ വീൽ ഡിസ്‌ക് ബ്രേക്കുകളുള്ള ഒരു പുതിയ അലോയ് വീലുകളായിരിക്കും കമ്പനി നൽകുന്നത്. ഇത് നേരത്തെ പുറത്ത് വന്ന ലീക്ക് ഫോട്ടോകളിൽ കണ്ടിട്ടുള്ളതാണ്. റിയർ പ്രൊഫൈലിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെങ്കിലും ഐസിഇ മോഡലിന് സമാനമായി നിലനിർത്തും. ഇവിയുടെ പിൻവശത്ത് കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിസൈൻ മാറ്റങ്ങൾ പഞ്ചിന്റെ പെട്രോൾ പതിപ്പിലും കൊണ്ടുവരാൻ സാധ്യതയുണ്ട്.
ഇന്റീരിയർ
പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടാറ്റയുടെ ഏറ്റവും പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ബാക്ക്‌ലിറ്റ് ലോഗോ, ചുറ്റും നീല ആക്‌സന്റുകൾ എന്നിങ്ങനെയുള്ള ഇന്റീരിയർ ഫീച്ചറുകളുമായിട്ടായിരിക്കും ടാറ്റ പഞ്ച് ഇവി വരുന്നത്. ഒറ്റ ചാർജിൽ 350 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 30 kWh ശേഷിയുള്ള ബാറ്ററി പാക്കിൽ നിന്നാണ് പഞ്ച് ഇവി പവർ എടുക്കുന്നത്. ബ്രാൻഡിന്റെ ലൈനപ്പിലെ മറ്റ് ഇവികളെപ്പോലെ ലോഞ്ച് സമയത്ത് രണ്ട് റേഞ്ച് ഓപ്ഷനുകളിൽ ഈ വാഹനം ലഭിക്കും.
കിടിലൻ റേഞ്ചും മികച്ച സവിശേഷതകളുമായി ടാറ്റ പഞ്ച് ഇവി വരുന്നു
RECENT NEWS
Advertisment