ടാറ്റയുടെ കുഞ്ഞൻ എസ്‌യുവിയെ (Micro SUV) ആയ പഞ്ചിനെ ഒക്ടോബർ 4 ന് ഔദ്യോഗികമായി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഈ മൈക്രോ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ ടീസറുകൾ വഴി പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‍സ്. ഇപ്പോഴിതാ ഏറ്റവും പുതിയ ടീസർ വീഡിയോ അനുസരിച്ച് ടാറ്റ പഞ്ചില്‍ ഒരു ഹാർമന്‍ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ ആൾട്രോസിലും നെക്‌സോണിലും ഉള്ള അതേ യൂണിറ്റായിരിക്കും ഇത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിച്ച 7 ഇഞ്ച് ടച്ച്‌സ്‌ക്രീനായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹാർമന്‍ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പുറമെ, മൌണ്ട് ചെയ്ത കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫാബ്രിക് അപ്ഹോൾസ്റ്ററി, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും ടാറ്റാ പഞ്ചിന്‍റെ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.
ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. വിലയിൽ നെക്സോണിന് തൊട്ടു താഴെ നിൽക്കുന്ന ഈ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക. ഇന്ത്യൻ നിരത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും പഞ്ച് എന്ന് ടാറ്റ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഏത് തരത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകള്‍.
നേരത്തെ ഹോണ്‍ബില്‍ എന്നും എച്ച്ബിഎക്സ് എന്നുമൊക്കെ കോഡുനാമത്തില്‍ അറിയിപ്പെട്ടിരുന്ന ഈ മിനി എസ്‍യുവി ദില്ലി ഓട്ടോ എക്സ്‍പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്‌സ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങിയ ഈ മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യമോ ഈ വാഹനം വിപണിയില്‍ എത്തിയേക്കും എന്നാണ് അഭ്യൂഹങ്ങള്‍. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായ ചെറു എസ്‌യുവി.
5,000 രൂപ മുതൽ 21,000 രൂപ വരെയുള്ള ടോക്കൺ തുകയിൽ ഡീലർമാർ ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയെന്നും അടുത്ത മാസം വാഹനത്തിന്റെ ഔദ്യോഗിക വിലകൾ നിർമ്മാതാക്കൾ പ്രഖ്യാപിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ മിനി എസ്‌യുവിക്ക് അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാകും എക്സ്-ഷോറൂം വില. ഈ വില ശ്രേണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ, പഞ്ച് രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ടാറ്റ എസ്‌യുവിയായി മാറും. ആൾട്രോസ് ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത ആൽഫ പ്ലാറ്റ്‌ഫോമിലാവും ഏറ്റവും ചെറിയ ടാറ്റ എസ്‌യുവി ഒരുങ്ങുന്നത്.