മൂവാറ്റുപുഴ: ബസിൽ കുഴഞ്ഞു വീണ കോളജ് അധ്യാപികയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും രക്ഷകരായി. എറണാകുളം – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് ഇന്നലെ പിറവം സ്വദേശിനിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസായി മാറിയത്. ബസ് കോലഞ്ചേരി ചൂണ്ടിയിൽ എത്തിയപ്പോഴാണ് തൊടുപുഴയിലെ കോളജിലേക്കു പോകാൻ അധ്യാപിക ബസിൽ കയറിയത്. ബസ് ആനിക്കാട് എത്തിയതോടെയാണു ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
കണ്ടക്ടർ ശരത് സോമൻ വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ ടി.എസ്. ഇക്ബാൽ ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പാഞ്ഞു. ഗതാഗതക്കുരുക്ക് മറികടന്ന് ബസ് മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരെല്ലാം പിന്തുണയുമായി ജീവനക്കാർക്കൊപ്പം നിന്നു. ബസിലുണ്ടായിരുന്ന തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി കെ.പി. ലിസി അധ്യാപികയുടെ ബന്ധുക്കൾ എത്തുംവരെ ആശുപത്രിയിൽ കൂട്ടിരിക്കാൻ തയാറായതോടെ ബസ് ട്രിപ്പ് മുടക്കാതെ തൊടുപുഴയിലേക്കു യാത്ര തുടർന്നു.