കൊല്‍ക്കത്ത : അധ്യാപകനിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എയിംസ് (എഐഐഎംഎസ്) ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവ് നല്‍കി കൊല്‍ക്കത്ത ഹൈക്കോടതി. ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെതിരെ ഇഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല ഉത്തരവ് ഉണ്ടായത്.
പാര്‍ത്ഥ ചാറ്റര്‍ജിയെ തിങ്കളാഴ്ച എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നാണ് കോടതിയുടെ ഉത്തരവ്. പാര്‍ത്ഥ ചാറ്റര്‍ജി, സര്‍ക്കാര്‍ ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി കാണുകയാണെന്നും ഇടക്കാല കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇഡി വാദിച്ചു.