കൊച്ചി : കൈവെട്ട് കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ ആണ് പ്രതികൾ കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവെയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കൊവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
പ്രതികളും സാക്ഷികളും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയൽ ബുദ്ധിമുട്ടാണ് എന്നുള്ള ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. രണ്ടാം പ്രതി സജിൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. രണ്ടാംഘട്ട വിചാരണ നീട്ടി വെയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. 2010 ൽ ആണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടുന്നത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.