കാശി : ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും. വിവിധ സേനകൾ സംയുക്തമായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകരാണ് ഉത്തരാഖണ്ഡിൽ കുടുങ്ങിയത്. ഇവരിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്.
അപകടത്തില്‍പ്പെട്ടവരുടെ പട്ടിക ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതില്‍ കൂടുതല്‍ പേർ ഉത്തരാഖണ്ഡില്‍ നിന്നാണ് എട്ട് പേർ, പശ്ചിമബംഗാളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നും മൂന്ന്, ഹരിയാനയില്‍നിന്നും കർണാടകയില്‍നിന്നും രണ്ട്, ദില്ലി, തമിഴ്നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും ഒരാൾ വീതവും അപകടത്തില്‍ പെട്ടിട്ടുണ്ട്. കര വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കര – വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.